Connect with us

Kozhikode

മുക്കം കടവ് പാലം: നിര്‍മാണ തടസ്സം നീങ്ങുന്നതിന് വഴിയൊരുങ്ങുന്നു

Published

|

Last Updated

മുക്കം: ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ നിര്‍മിക്കുന്ന മുക്കം കടവ് പാലത്തിന്റെ മുക്കം കരയിലെ അപ്രോച്ച് റോഡ് നിര്‍മാണത്തിനുള്ള തടസ്സം നീങ്ങുന്നതിന് വഴിയൊരുങ്ങുന്നു. നാട്ടുകാര്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം എല്‍ എയും ജനപ്രതിനിധികളുമടങ്ങിയ സംഘം മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, റവന്യൂമന്ത്രി എന്നിവര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അക്വിസിഷന്‍ നടപടികള്‍ക്കാവശ്യമായ നടപടികള്‍ ആരംഭിച്ചു.
മുക്കം കരയില്‍ അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിന് സ്വകാര്യ വ്യക്തിയുടെ ഭൂമി വിട്ടുകിട്ടാത്തത് മൂലമാണ് നിര്‍മാണം പ്രതിസന്ധിയിലായത്. വിട്ടുകൊടുക്കുന്ന സ്ഥലത്തിന് രേഖ വേണമെന്ന ആവശ്യമാണ് ഉടമ ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും അഭ്യര്‍ഥന പ്രകാരം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോഴിക്കോട് ജില്ലാ കലക്ടറുമായി ബന്ധപ്പെടുകയും സ്ഥലമേറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനും ഉടമയുമായി ചര്‍ച്ച ചെയ്യുന്നതിനും കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സി മോയിന്‍കുട്ടി എം എല്‍ എ, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പി സിയ്യാലി, വി മോയി, എം എം അബ്ദുസ്സലാം, മുക്കം ഗ്രാമപഞ്ചായത്തംഗം സജീഷ് മുത്തേരി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തംഗം സി കെ കാസിം, കെ പി അഹ്മദ്കുട്ടി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.