ക്വാറം തികയാത്ത സഭയുടെ വെറും തടവ് ശിക്ഷ

Posted on: December 4, 2014 3:46 am | Last updated: December 3, 2014 at 11:49 pm

Niyamasabha_Grand_Staircaseതിരുവനന്തപുരം: ഗ്യാലറിയില്‍ നിന്ന് പ്രതിഷേധമുയരുക, ക്വാറമില്ലാത സഭാനടപടികള്‍ തടസ്സപ്പെടുക. ഇന്നലത്തെ സഭാനടപടികളില്‍ മൊത്തം അപൂര്‍വ്വതകളായിരുന്നു. അച്ചടക്ക നടപടി അജന്‍ഡയുടെ ഭാഗമാക്കേണ്ടി വരുമോയെന്നാണ് ആശങ്ക. കഴിഞ്ഞ ദിവസം സഭ പിരിയും വരെ വി ശിവന്‍കുട്ടിയെയാണ് സസ്‌പെന്‍ഡ് ചെയ്തതെങ്കില്‍ ഇന്നലെ ഒരു കെ എസ് ആര്‍ ടി സി റിട്ട. കണ്ടക്ടറെ ഒരു ദിവസം വെറും തടവിന് ശിക്ഷിച്ചു. സന്ദര്‍ശക ഗ്യാലറിയിലിരുന്ന് കെ എസ് ആര്‍ ടി സി പെന്‍ഷന്‍ പ്രശ്‌നം ഉന്നയിച്ചതായിരുന്നു കുറ്റം. അരങ്ങ് ചോദ്യോത്തര വേളയായിരുന്നു. പൊടുന്നനെ സന്ദര്‍ശ ഗ്യാലറിയില്‍ നിന്നുള്ളില്‍ മുദ്രാവാക്യം കേട്ടു സഭയൊന്ന് അമ്പരന്നു. നിമിഷ നേരത്തിനുള്ള വാച്ച് ആന്റ് വാര്‍ഡ് കൈകാര്യവും ചെയ്തു. നിയമസഭയുടെ പ്രത്യേകാവകാശം ലംഘിച്ചത് ഗുരുതരമാണെന്ന് ബോധ്യമായതിനാല്‍ ഒരു ദിവസത്തെ വെറും തടവ് ശിക്ഷയും വിധിച്ചു.
പുലി വരുന്നേ പുലി എന്ന് പറയും പോലെ സഭ തുടങ്ങിയ നാള്‍ മുതല്‍ കേട്ടു കൊണ്ടിരുന്നതാണ് കോടിയേരിയുടെ സി ഡി. മാണിക്കെതിരെ കേസെടുക്കാന്‍ തക്ക വിവരങ്ങളായിരുന്നു സി ഡിയുടെ ഉള്ളടക്കം. സഭയുടെ മേശപ്പുറത്ത് വെക്കാത്തതിനാല്‍ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സി ഡി ഇന്നലെ പുറത്തെടുത്തു. മേശപ്പുറത്ത് വെക്കാന്‍ ആദ്യദിവസം തന്നെ ശ്രമിച്ചതാണ്. മുന്‍കൂര്‍ അനുമതി ചോദിക്കാത്തതിനാല്‍ സ്പീക്കര്‍ സമ്മതിച്ചിരുന്നില്ല. രേഖാമൂലം അപേക്ഷ കിട്ടിയതോടെ സി ഡി സൂക്ഷ്മമായി കണ്ട ഡെപ്യൂട്ടി സ്പീക്കര്‍ ഇന്നലെ തീര്‍പ്പുകല്‍പ്പിച്ചു. ‘രണ്ടു സി ഡിയും പലവട്ടം കണ്ടു, വാര്‍ത്താ ചാനലുകള്‍ വഴി നിരവധി തവണ സംപ്രേഷണം ചെയ്ത വിവരങ്ങളാണതില്‍, ജനങ്ങള്‍ പലതവണ കണ്ടതുമാണ്.’ അതിനാല്‍ മേശപ്പുറത്ത് വെക്കാനുള്ള യോഗ്യത സി ഡിക്കില്ലെന്നായിരുന്നു എന്‍ ശക്തന്റെ റൂളിംഗ്.
എവിഡന്‍സ് ആക്ട് കൊണ്ടായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ പ്രതിരോധമൊരുക്കിയത്. ആക്ടിലെ 65 ബി അനുസരിച്ച് സി ഡിയില്‍ കണ്ടാല്‍ മാണിക്കെതിരെ കേസെടുക്കാം. വിജിലന്‍സ് കേസെടുക്കാത്തതിനാലാണ് സി ഡിയുമായി സഭയിലെത്തിയതെന്നും കോടിയേരി വിശദീകരിച്ചു. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വന്നതെല്ലാം തെളിവായി സ്വീകരിക്കണമെന്ന് ആക്ടില്‍ പറയുന്നില്ലെന്ന് അഭിഭാഷകന്‍ കൂടിയായ കെ ശിവദാസന്‍ നായര്‍. അങ്ങിനെയെങ്കില്‍ എം എം മണിക്കെതിരെ കേസെടുത്തതിന്റെ അടിസ്ഥാനമെന്തായിരുന്നുവെന്ന് കോടിയേരി. മണി നടത്തിയത് കുറ്റസമ്മത മൊഴിയാണെന്ന് അന്ന് ആഭ്യന്തരം ഭരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടിയും നല്‍കി. പി കെ ബഷീറിന്റെ തിരഞ്ഞെടുപ്പ് കേസിലെ സുപ്രീംകോടതി നിരീക്ഷണം പി കെ കുഞ്ഞാലിക്കുട്ടിയും സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഒരിക്കല്‍ ഉന്നയിച്ചത് അതേ സമ്മേളനത്തില്‍ ആവര്‍ത്തിക്കരുതെന്നാണ് ചട്ടം. അതിനാല്‍ ബാര്‍ കോഴ നേരെ ചൊവ്വെ സഭയിലെത്തില്ലെന്ന് അറിയുന്നതിനാല്‍ മദ്യനയം വഴിയായിരുന്നു ബാര്‍ കോഴയുടെ ഇന്നലത്തെ സഭാപ്രവേശം. വിഷയത്തില്‍ അടിന്തിരപ്രാധാന്യം കണ്ടത് ഡോ. തോമസ് ഐസകും. മദ്യനയം വെറും തട്ടിപ്പാണെന്നായിരുന്നു ഐസകിന്റെ നിരീക്ഷണം. ഇത് സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ നിരത്താനും അദ്ദേഹം ശ്രമിച്ചു. ആദര്‍ശ വാദികളും പ്രായോഗിക വാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ ഉമ്മന്‍ചാണ്ടി ഒറ്റപ്പെട്ടതോടെ പൊടുന്നനെ ഒരു വെള്ളക്കടലാസില്‍ രൂപപ്പെട്ടതെന്നായിരുന്നു യു ഡി എഫ് മദ്യനയത്തിന് ഐസക് നല്‍കിയ നിര്‍വചനം. മദ്യമുതലാളിമാരും സര്‍ക്കാറും തമ്മില്‍ ഒത്തുതീര്‍പ്പിന്റെ വഴിയിലാണെന്നും ഐസക് പറഞ്ഞുവെച്ചു. ഒരിഞ്ച് പിന്നോട്ട് പോയ ചരിത്രമില്ലെങ്കിലും മദ്യനയത്തിലെ ചില മാറ്റങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ മനസ്സിലുണ്ട്. കോടതി തിരുത്തിയാലും പോരാടാന്‍ ഉറച്ച് തന്നെയെന്ന മട്ടില്‍ കെ ബാബുവും കൂടെ നിന്നു.
മത്സ്യവിത്ത് ബില്ലും സെയില്‍സ് ജീവനക്കാരുടെ അവകാശസംരക്ഷണത്തിനായി രൂപം കൊടുത്ത കടകളും വാണിജ്യസ്ഥാപനങ്ങളും ബില്ലുമാണ് ഇന്നലെ പരിഗണിച്ചത്. ഗൃഹപാഠം ചെയ്‌തെത്തിയ തീരദേശ എം എല്‍ എമാര്‍ സജീവമായി ഇടപെട്ടതോടെ ബെല്ലും ബ്രേക്കുമില്ലാതെ മത്സ്യ വിത്ത് ബില്‍ ചര്‍ച്ച മുന്നേറി. നെത്തോലി മുതല്‍ വനാമി ചെമ്മീന്‍ വരെ സഭയിലെത്തി. പ്രകൃതി ചൂഷണത്തിലൂടെ സ്വാഭാവിക ആവാസവ്യവസ്ഥ തകര്‍ത്ത ശേഷം മത്സ്യവിത്തിന് ബില്ല് കൊണ്ടുവന്നിട്ട് കാര്യമില്ലെന്ന് കെ കെ ലതിക വിയോജിച്ചു. പ്രാകൃതമായ രീതിയിലുള്ള മീന്‍പിടുത്തം മത്സ്യ സമ്പത്തിന്റെ വംശനാശ ഭീഷണിക്ക് കാരണമാകുന്നതായി അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി ചൂണ്ടിക്കാട്ടി. മത്സ്യവിത്ത് ബില്ലിന് ‘സ്‌കോപ്’ കുറവാണെന്നായിരുന്നു വകുപ്പ് മുമ്പ് കൈകാര്യം ചെയ്ത ഡൊമിനിക് പ്രസന്റേഷന്റെ പക്ഷം. എക്‌സ്‌പോര്‍ട്ട് വാല്യൂ കൂടുതലുള്ള മത്സ്യങ്ങളെ കൂട്ടത്തോടെ പിടിച്ച് ലാഭമുണ്ടാക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നര നൂറ്റാണ്ട് മുമ്പ് വംശനാശം സംഭവിച്ചെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ വിധിയെഴുതിയ പെഴക്കൂരി മത്സ്യം കേരളത്തില്‍ കണ്ടെത്തിയ കാര്യം രണ്ടത്താണി ഓര്‍മപ്പെടുത്തി. വളരാനുള്ള ജലാശയമുണ്ടെങ്കിലെ വിത്ത് കൊണ്ട് കാര്യമുള്ളൂവെന്നായി എ പ്രദീപ്കുമാര്‍. പുഴയോരങ്ങളില്‍ ബയോഫെന്‍സിംഗ് നടത്താനുള്ള പ്രദീപ് കുമാറിന്റെ കക്ഷിഭേദമന്യേ തീരദേശ എം എല്‍ എമാര്‍ എതിര്‍ത്തു. തീരങ്ങളില്‍ കല്ലിടുന്നതിന് പകരം ബയോഫെന്‍സിംഗ് നടത്തണമെന്നായിരുന്നു പ്രദീപിന്റെ നിര്‍ദേശം.
കടലില്‍ കല്ലിടുന്ന പണി വെട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞുവെച്ചു. കടലാക്രമണം വന്നാല്‍ പിന്നെ എന്ത് ചെയ്യുമെന്നായി ശ്രീരാമകൃഷ്ണനും അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയും. പുഴയോരങ്ങളില്‍ മുളയും കൈതോലയും ഇല്ലാതായതോടെ ബ്രാലും കടുവും മുഴുവും പുഴകളില്‍ ഇല്ലാതായെന്ന് ഇ കെ വിജയന്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ച മുന്നേറുന്നതിനിടെയാണ് ക്വാറമില്ലാത്ത കാര്യം മാത്യു ടി തോമസ് ശ്രദ്ധിച്ചത്. 141 അംഗ സഭയില്‍ പതിനഞ്ച് പേരാണ് ക്വാറം. ഉച്ചഭക്ഷണം കഴിക്കാന്‍ അംഗങ്ങള്‍ കൂട്ടത്തോടെ പോയത് ക്വാറം നഷ്ടപ്പെടുത്തി.
മിനുട്ടുകള്‍ നീണ്ട അനിശ്ചിതത്വത്തിനിടയില്‍ പി സി ജോര്‍ജും മറ്റു ചിലരും ഓടിയെത്തി പ്രശ്‌നം പരിഹരിച്ചു. ഭക്ഷണം കഴിക്കാന്‍ പോയതിന്റെ പേരില്‍ ക്വാറം ഇല്ലെന്ന് പറയുന്നത് ചീപ്പ് പരിപാടിയാണെന്ന് അദ്ദേഹം മാത്യ ടി യെ ഓര്‍മിപ്പിച്ചു. ചീഫ്‌വിപ്പിന്റെ ‘ചീപ്പ്’പ്രയോഗത്തില്‍ മാത്യു ടി ക്രമപ്രശ്‌നം കണ്ടെങ്കിലും രേഖയില്‍ നിന്ന് നീക്കി സ്പീക്കര്‍ പരിഹാരമുണ്ടാക്കി.