സെയില്‍സ് ജീവനക്കാരുടെ അവകാശം സംരക്ഷിക്കാന്‍ പുതിയ നിയമം

Posted on: December 4, 2014 2:43 am | Last updated: December 3, 2014 at 11:44 pm

തിരുവനന്തപുരം: കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ നിയമനിര്‍മാണം. ജീവനക്കാര്‍ നാല് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം നിര്‍ബന്ധമാക്കാനും, ഇതു ലംഘിച്ചാല്‍ ശക്തമായ നടപടികള്‍ക്കും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തണം. തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കടകളില്‍ ഇരിക്കുന്നതിനുള്ള അവകാശത്തിനായി തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചതും ഇത്തരത്തിലൊരു ബില്‍ അവതരിപ്പിക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചു.

1960ലെ നിയമമാണ് ഇപ്പോഴുള്ളത്. ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്കുവിട്ടു. ജീവനക്കാരുടെ ജോലി സമയം, വിശ്രമ സമയം, സ്ഥാപനം തുറക്കുന്നതിനും അടക്കുന്നതിനുമുള്ള സമയം, അവധികള്‍, അവധി വേതനം, വീക്കിലി ഓഫ് തുടങ്ങിയ വ്യവസ്ഥകളില്‍ ലംഘനമുണ്ടായാല്‍ പിഴ ശിക്ഷ 250 രൂപയില്‍ നിന്നും 5,000 രൂപയാക്കി ഉയര്‍ത്തണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. നിയമ ലംഘനം തുടര്‍ന്നാല്‍ പിഴ 10,000 രൂപയായി ഉയരും. സ്ഥാപനങ്ങളെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതാണു പ്രധാന ഭേഗഗതികളിലൊന്ന്. എല്ലാ സ്ഥാപനങ്ങളിലും തൊഴിലാളികളെ നിയമിക്കുമ്പോള്‍ നിയമന ഉത്തരവ് നല്‍കണം, തൊഴിലാളികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് തൊഴിലുടമ കൈവശം വെക്കുന്നതു തടയണം, തൊഴിലുടമകള്‍ തൊഴിലാളികള്‍ ജോലി ചെയ്ത കാലയളവിലെ സേവന സര്‍ട്ടിഫിക്കറ്റ് നല്‍കണം തുടങ്ങിയവയാണ് മറ്റു ഭേദഗതികള്‍. 50 ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഹോസ്റ്റല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴശിക്ഷ 50 രൂപയില്‍ നിന്ന് 5,000 രൂപയായി വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. രജിസ്‌ട്രേഷന്‍ എടുക്കല്‍, പുതുക്കല്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കല്‍, സര്‍ട്ടിഫിക്കറ്റില്‍ വരുത്തേണ്ട ഭേദഗതികള്‍ക്ക് അപേക്ഷ നല്‍കല്‍ എന്നീ ചുമതലകളില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമക്കു ലഭിക്കുന്ന പിഴ ശിക്ഷ 250 രൂപയില്‍ നിന്നും 5,000രൂപയായി ഉയര്‍ത്തണമെന്നും നിയമലംഘനം തുടര്‍ന്നാല്‍ ഈടാക്കേണ്ട പിഴ 100 രൂപയില്‍ നിന്ന് 400 രൂപയാക്കി ഉയര്‍ത്തണം.
നിയമലംഘനം തുടര്‍ന്നാല്‍ ഈടാക്കേണ്ട പിഴ തുക ഇനിയും കൂട്ടണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നു തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. വ്യാപകമായ നീതിനിഷേധമാണ് പല കടകളിലും നടക്കുന്നതെന്നും ഐ ടി രംഗത്ത് തൊഴില്‍ ചെയ്യുന്നവരുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.