Connect with us

Articles

മരുന്ന് കുത്തകകളുടെ നല്ല കാലം

Published

|

Last Updated

രാജ്യത്തെ കോടാനുകോടി നിരാശ്രയരായ പാവപ്പെട്ട രോഗികളെ മറന്നുകൊണ്ട് മോദി സര്‍ക്കാര്‍ ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ(എന്‍ പി പി എ) അധികാരം എടുത്ത് കളഞ്ഞുകൊണ്ട് ഇറക്കിയ ഉത്തരവ് ദൂരവ്യാപകമായ തിരിച്ചടിയാണ് ഈ രംഗത്തുണ്ടാക്കാന്‍ പോകുന്നത്. ഇതിലൂടെ ഇന്ത്യയില്‍ ഒന്നാം യു പി എ സര്‍ക്കാര്‍ നടപ്പിലാക്കിയ ഉത്പന്നാധിഷ്ഠിത പേറ്റന്റ് നിയമത്തിനെതിരേ രാജ്യത്തെ രോഗികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ലഭിച്ച പിടിവള്ളിയാണ് സര്‍ക്കാര്‍ അറുത്ത് മാറ്റുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ കുത്തക മരുന്നു കമ്പനി മുതലാളിമാരുടെ പിന്തുണ ഉറപ്പിക്കാനായിരുന്നത്രേ പുതിയ തീരുമാനം.
2013 ലെ അവശ്യമരുന്ന് വില നിയന്ത്രണ ഉത്തരവ് പ്രകാരം 348 ഇനം മരുന്നുകളുടെ വില നിയന്ത്രിച്ചുകൊണ്ടുള്ള ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ ഉത്തരവ് തന്നെ ആഗോള കുത്തക മരുന്ന് കമ്പനികളുടെ മുഖം ചുളിപ്പിച്ചിരുന്നു. പ്രസ്തുത ഉത്തരവിലും ധാരാളം അപാകതകളുണ്ടായിരുന്നു. പല മരുന്നുകളുടെ ചില ഡോസുകള്‍ മാത്രമാണ് ഈ ലിസ്റ്റില്‍ പെടുത്തിയിരുന്നത്. എന്നിരുന്നാലും രാജ്യത്തെ വലിയൊരു വിഭാഗം രോഗികള്‍ക്ക് ഉത്തരവ് വലിയ ആശ്വാസമായിരുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന ഏതെങ്കിലും ഒരു കമ്പനി ഉത്പാദിപ്പിക്കുന്ന മരുന്നിന്റെ വില ഇതര കമ്പനികളുടെ വിലകളുടെ ശരാശരിയേക്കാള്‍ 25 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പ്രസ്തുത മരുന്നിന്റെ വില കുറയ്ക്കാന്‍ ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റിക്ക് അധികാരമുണ്ടായിരുന്നു. പ്രസ്തുത അധികാരമുപയോഗിച്ച് അതോറിറ്റി കഴിഞ്ഞ ജൂലായ് മാസത്തില്‍ 108 ഇനം മരുന്നുകളുടെ വിലകൂടെ കുറച്ചതാണ് മരുന്ന് കുത്തകകളെ പ്രകോപിപ്പിച്ചത്. ഉദാഹരണത്തിന് ആസ്പിരിന്‍ ഗുളികയുടെ 14 എണ്ണമുള്ള പാക്കറ്റിന് യു എസ് വി ലിമിറ്റഡ് ഇകോസ്പിരിന്‍ എന്നപേരില്‍ ഈടാക്കുന്നത് 3 രൂപ 78 പൈസയാണ്. അതേസമയം യു എസ് വി കോര്‍വെറ്റ് ഇതേ മരുന്നിന് 5 രൂപ 94 പൈസ ഈടാക്കുന്നു. അലര്‍ജിയുടെ സിട്രിസിന്‍ 10 എം ജിയുടെ 10 വീതമുള്ള പായ്ക്കറ്റിന് അസെറ്റ് എന്ന പേരില്‍ ഗുജറാത്തിലെ ശ്രീനിവാസ് ഫാര്‍മ 9 രൂപ ഈടാക്കുമ്പോള്‍ അഫി ഫാര്‍മയുടെ ഇതേ ചേരുവയും അളവുമുള്ള അഫിസെറ്റിന് 20.50 രൂപയും റാഡികോ റെമെഡീസിന്റെ അയ്‌ഡേക്ക് 18.50 രൂപയും ഈടാക്കുന്നു. ക്യാന്‍സറിനുള്ള ഇന്‍ജക്ഷന്‍ മരുന്നായ സിസ്പ്ലാന്‍ 10 എം ജിക്ക് നാറ്റ്‌കോ ലിമിറ്റഡ് 95 രൂപ ഈടാക്കുമ്പോള്‍ ഇതേ ചേരുവയും അളവുമുള്ള സിസ്പ്ലാറ്റിന് ഫാര്‍മസിയ ഇന്ത്യ 129 രൂപ ഈടാക്കുന്നു. ഇത്തരം അന്തരവും ചൂഷണവുമാണ് എന്‍ പി പി എയുടെ ഇടപെടലിലൂടെ ഇല്ലാതായത്.
ദേശീയ കുത്തക മരുന്ന് വിലനിയന്ത്രണ അതോറിറ്റിയുടെ തീരുമാനം കുത്തക മരുന്ന് കമ്പനികളുടെ കൊള്ളലാഭം തടയാനും രോഗികളോടുള്ള ചൂഷണം അവസാനിപ്പിക്കാനും സാധിക്കുന്നതായിരുന്നു. അമേരിക്കന്‍ മരുന്നുത്പാദക കമ്പനികള്‍ എന്‍ പി പി എയുടെ തീരുമാനം ഏതുവിധേനയും അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയായിരുന്നു. ഒന്നാം യു പി എ സര്‍ക്കാര്‍ രോഗികള്‍ക്ക് ഗുണകരമായിരുന്ന ഇന്ത്യയുടെ 1970ലെ പ്രക്രിയാധിഷ്ഠിത പേറ്റന്റ് നിയമം അട്ടിമറിച്ച് കുത്തക മരുന്ന് കമ്പനികള്‍ക്കനുകൂലമായ ഉത്പന്നാധിഷ്ഠിത പേറ്റന്റ് നിയമം 2005ല്‍ നടപ്പിലാക്കുകയുണ്ടായി. ഈ നിയമം നിലവില്‍ വന്നതോടെ നോവാര്‍ട്ടീസ് പോലുള്ള കുത്തക കമ്പനികളുടെ പുതിയ മരുന്നുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഉത്പന്നാധിഷ്ഠിത പേറ്റന്റ് ലഭിച്ചു. മൂന്നു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ കമ്പനികള്‍ക്ക് വ്യത്യസ്ത രീതിയില്‍ ജനറിക് മരുന്നുകള്‍ ഉത്പാദിപ്പിക്കാം. എന്നാല്‍, മൂന്ന് വര്‍ഷത്തിന് ശേഷം ഇത്തരം കമ്പനികള്‍ ചേരുവയില്‍ നിരുപദ്രവകരമായ ലവണങ്ങളോ ഈസ്‌റ്റോ ചേര്‍ത്ത് വീണ്ടും പേറ്റന്റ് (നിത്യഹരിത പേറ്റന്റ്) എടുക്കുമെന്നും അതുവഴി ഇത്തരം മരുന്നുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കുറഞ്ഞ വിലക്ക് ഒരിക്കലും നിര്‍മിക്കാന്‍ കഴിയില്ലെന്നും എം പി വീരേന്ദ്രകുമാര്‍ അന്നേ പാര്‍ലിമെന്റില്‍ ചൂണ്ടിക്കാട്ടിയതാണ്. എന്നിട്ടും കുത്തക കമ്പനികള്‍ക്ക് തൃപ്തിയായില്ല. അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ബൗദ്ധിക സ്വത്തവകാശ വിശകലന വിഭാഗം ഇന്ത്യയുടെ പേറ്റന്റ് നിയമം ഇപ്പോഴും കാലഘട്ടത്തിനനുയോജ്യമല്ലെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയില്‍ മുതല്‍ മുടക്കണമെങ്കില്‍ പേറ്റന്റ് നിയമം സമൂലം പരിഷ്‌കരിക്കണമെന്നാണ് ഇവരുടെ ആവശ്യം. സ്വന്തം രാജ്യത്തെ ജനങ്ങളെ മറന്ന് കുത്തകകള്‍ക്കനുകൂലമായി പേറ്റന്റ് നിയമമുണ്ടാക്കിയാലേ വിദേശ നിക്ഷേപം വരുള്ളൂവെങ്കില്‍ അത് ചെയ്യാനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. കുത്തകകളുടെ താത്പര്യങ്ങള്‍ക്ക് രാജ്യത്തെ നിയമസംവിധാനം വിഘാതമാണെങ്കില്‍ ആ നിയമം തന്നെ ഇല്ലാതാക്കുക എന്നതാണ് ബി ജെ പി സര്‍ക്കാരിന്റെ അജന്‍ഡ. 108 മരുന്നുകള്‍ക്ക് വിലകുറച്ചത് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി(എന്‍ പി പി എ) ആണെന്നതിനാള്‍ അതോറിറ്റിയുടെ മരുന്ന് വില നിര്‍ണയിക്കാനുള്ള അധികാരം തന്നെ എടുത്തുകളഞ്ഞു.
മരുന്ന് കമ്പനികളുടെ വാദം മരുന്ന് വില സീല്‍ ചെയ്യുന്നതോടെ തങ്ങള്‍ക്ക് 600 കോടി രൂപയുടെ നഷ്ടം വരുമെന്നാണ്. എന്നാല്‍, സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നത് ഇത് കള്ളക്കണക്കാണെന്നാണ്. പുതിയ തീരുമാനം രോഗികളില്‍ നിന്ന് കൊള്ളലാഭം എടുക്കുന്ന കമ്പനികളെയേ ബാധിക്കുകയുള്ളുവത്രേ. 77,526 കോടി രൂപയുടെ റീട്ടെയില്‍ മാര്‍ക്കറ്റില്‍ 350 കോടി രൂപയുടെ കുറവേ പുതിയ തീരുമാനം വഴി വരുത്തുകയുള്ളുവത്രേ. ഇത് പ്രമേഹചികിത്സാ മരുന്നുകളുടെ കേവലം 2 ശതമാന(112കോടി)വും ഹൃദ്രോഗമരുന്നുകളുടെ 2.5 ശതമാന(238 കോടി)വും മാത്രമേ വരുള്ളൂ. ഇതാകട്ടെ, കമ്പനികള്‍ നേടുന്ന കൊള്ളലാഭത്തെ ഒന്നു സ്പര്‍ശിക്കുക പോലുമില്ല. എന്‍ പി പി എയുടെ സീലിംഗ് നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഇപ്പോഴും ഉന്നത കമ്പനികളുടെ മരുന്നുകള്‍ ലഭ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് അറ്റോവാസ്റ്റാറ്റിന്‍ 40 എം ജിയുടെ സീലിംഗ് നിരക്ക് 22.02 രൂപയാണെങ്കില്‍ ബയോകെം ഫാര്‍മസ്യൂട്ടിക്കല്‍സ് ഇതേ മരുന്ന് 14.94 രൂപക്ക് വില്‍ക്കുന്നു. ഗ്ലിമെപൈറൈഡ് 3 മില്ലിഗ്രാമിന് സീലിങ് വില 10 രൂപയാണെങ്കില്‍ ഇപ്ക ലബോറട്ടറീസ് ഇത് 6 രൂപ 90 പൈസക്ക് വിറ്റഴിക്കുന്നു. വിലയിലെ ഇത്തരം അന്തരങ്ങള്‍ കുത്തക കമ്പനികളുടെ ചൂഷണത്തിന്റെ നേര്‍ ചിത്രം വരച്ചുകാട്ടുന്നു. നിര്‍ബന്ധിത ലൈസന്‍സിംഗ് സംവിധാനവും തടഞ്ഞേക്കും.
ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ സെക്ഷന്‍ 84 പ്രകാരം പേറ്റന്റ് നല്‍കപ്പെട്ട ഏതെങ്കിലും മരുന്നിന്റെ ജനറിക് മരുന്ന് ഉത്പാദിപ്പിക്കുന്നതിന് പേറ്റന്റ് കാലാവധിയായ മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമേ അപേക്ഷിക്കാന്‍ കഴിയുള്ളൂ. ഈ വകുപ്പ് പ്രകാരം ഏതെങ്കിലും കമ്പനിക്ക് ജനറിക് മരുന്നുത്പാദനത്തിന് അനുവാദം നല്‍കണമെങ്കില്‍ മൂന്ന് നിബന്ധനകള്‍ പാലിക്കപ്പെടേണ്ടിയിരിക്കുന്നു. 1. പേറ്റന്റ് നല്‍കപ്പെട്ട മരുന്ന് രാജ്യത്തെ രോഗികള്‍ക്ക് ആവശ്യത്തിന് ലഭിക്കാതിരിക്കുക, 2. പേറ്റന്റ് നല്‍കപ്പെട്ട മരുന്ന് രോഗികള്‍ക്ക് മിതവും യുക്തിസഹവുമായ വിലയ്ക്ക് ലഭിക്കാതിരിക്കുക, 3. പേറ്റന്റ് ലഭിച്ച കണ്ടുപിടുത്തം ഇന്ത്യയില്‍ പ്രാവര്‍ത്തികമാകാതിരിക്കുക. ഈ മൂന്ന് കാരണങ്ങളും അതത് കാലത്ത് രാജ്യം ഭരിക്കുന്ന സര്‍ക്കാറുകളുടെ താത്പര്യപ്രകാരം കുത്തക മരുന്ന് കമ്പനികള്‍ക്കനുകൂലമായും രോഗികള്‍ക്കനുകൂലമായും പ്രയോഗിക്കാം. മലയാളിയായ പി എച്ച് കുര്യന്‍ ഇന്ത്യന്‍ പേറ്റന്റ്‌സ്, ഡിസൈന്‍സ് ആന്റ് ട്രേഡ് മാര്‍ക്‌സിന്റെ ഡയറക്ടര്‍ ജനറല്‍ ആയതോടെ ഈ വകുപ്പ് ആദ്യമായി രോഗികള്‍ക്കനുകൂലമായി വിനിയോഗിക്കപ്പെട്ടു. ജര്‍മന്‍ മരുന്ന് ഭീമനായ ബയേഴ്‌സിന്റെ കിഡ്‌നി, കരള്‍ ക്യാന്‍സറിനുള്ള മരുന്നായ നെക്‌സാവറിന്റെ ജനറിക് മരുന്ന് ഉത്പാദിപ്പിക്കുന്നതിന് ഇന്ത്യന്‍ കമ്പനിയായ നാറ്റ്‌കോക്ക് അനുമതി നല്‍കി ഇന്ത്യന്‍ പേറ്റന്റ് ഓഫീസും കുര്യനും വിപ്ലവം സൃഷ്ടിച്ചു. പ്രസ്തുത ഉത്തരവില്‍ മൂന്ന് കാരണങ്ങളാണ് എടുത്ത് പറയുന്നത്. ഒന്നാമതായി ഇന്ത്യയിലെ കിഡ്‌നി, കരള്‍ ക്യാന്‍സര്‍ രോഗികളുടെ രണ്ട് ശതമാനത്തിനു മാത്രമേ നെക്‌സാവര്‍ ലഭ്യമാക്കാന്‍ ബയേഴ്‌സിനു കഴിഞ്ഞുള്ളൂ. രണ്ടാമതായി, നെക്‌സാവര്‍ ഒരു മാസം കഴിക്കണമെങ്കില്‍ 2.8 ലക്ഷം രൂപ ചെലവിടണം. അതായത്, സാധാരണക്കാരായ ഇന്ത്യന്‍ രോഗികള്‍ക്ക് മരുന്ന് അപ്രാപ്യമാണ്. മൂന്നാമതായി, ബയേഴ്‌സിന്റെ നെക്‌സാവര്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതല്ലാത്തതിനാല്‍ ഇന്ത്യന്‍ പേറ്റന്റ് നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. കേസിന്റെ വാദത്തിനിടയില്‍ തങ്ങള്‍ ഒരു മാസത്തെ മരുന്ന് വാങ്ങുന്ന രോഗികള്‍ക്ക് മൂന്ന് മാസം സൗജന്യ മരുന്ന് നല്‍കാമെന്ന്- അതായത് സൗജന്യമടക്കം ഒരു മാസത്തെ ഡോസിന് 30000 രൂപ- ബയേഴ്‌സ് വാദിച്ചെങ്കിലും നാറ്റ്‌കോയുടെ വാദങ്ങള്‍ക്ക് മുമ്പില്‍ ലാഭക്കൊതിയന്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഈ നിലപാട് തന്നെ രോഗികളെ എങ്ങനെയാണ് കുത്തക കമ്പനികള്‍ ചൂഷണം ചെയ്യുന്നത് എന്നതിന്റെ നേര്‍ചിത്രം വരച്ചുകാട്ടുന്നു. തങ്ങള്‍ ബയേഴ്‌സിന് 6 ശതമാനം റോയല്‍റ്റി നല്‍കി 8800 രൂപക്ക് രോഗികള്‍ക്ക് മരുന്ന് നല്‍കാമെന്നും 600 രോഗികള്‍ക്ക് പ്രതിവര്‍ഷം സൗജന്യമരുന്ന് നല്‍കാമെന്നുമുള്ള നാറ്റ്‌കോയുടെ വാഗ്ദാനം മനുഷ്യസ്‌നേഹിയായ കുര്യനും പേറ്റന്റ് അതോറിറ്റിയും അംഗീകരിച്ചു. കുര്യന്റെ ഉത്തരവിനു മുമ്പ് 2.8 ലക്ഷം കൊടുത്ത് നെക്‌സാവര്‍ വാങ്ങാന്‍ കഴിയാതെ മരണപ്പെട്ട രോഗികളെ ഓര്‍ത്ത് നമുക്ക് നെടുവീര്‍പ്പിടാം. എന്നാല്‍, ഇതിനു ശേഷം നിര്‍ബന്ധിത ലൈസന്‍സിന് നല്‍കിയ അപേക്ഷകള്‍ എല്ലാം നിഷ്‌കരുണം നിരസിക്കപ്പെട്ടു. ഉദാഹരണത്തിന്, മരുന്ന് ഭീമനായ അമേരിക്കന്‍ കമ്പനി ബ്രിസ്റ്റോള്‍ മയേഴ്‌സ് സ്‌കിബിന്റെ സ്‌പ്രൈസല്‍ എന്ന് ബ്രാന്റ് നാമത്തില്‍ അറിയപ്പെടുന്ന ക്യാന്‍സറിനെതിരായ ഡസാറ്റിനിബിന്റെ ജനറിക് മരുന്നിന്റെ ഉത്പാദനത്തിന് ഇന്ത്യന്‍ കമ്പനിയായ ബി ഡി ആര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടു. ദസാറ്റിനിബിന് നിലവില്‍ വില ഒരു മാസത്തേക്ക് 1.6 ലക്ഷം രൂപയാണെന്നും ഇത് ഇന്ത്യയിലെ സാധാരണക്കാരന് വാങ്ങാന്‍ കഴിയില്ലെന്നും തങ്ങള്‍ പ്രസ്തുത മരുന്ന് കേവലം 8000 രൂപക്ക് നല്‍കാമെന്നുമുള്ള ബി ഡി ആര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ വാദം അംഗീകരിക്കപ്പെട്ടില്ല. ഇനി ഈ മരുന്ന് ഇന്ത്യയിലെ സാധാരണക്കാരന് ലഭ്യമാകണമെങ്കില്‍ പേറ്റന്റ് കാലാവധിയായ 2020 വരെ കാത്തിരിക്കണം.
പുതിയ സാഹചര്യത്തില്‍, നിര്‍ബന്ധിത ലൈസന്‍സും എടുത്തുകളയാനുള്ള നീക്കത്തിലാണത്രേ കേന്ദ്ര സര്‍ക്കാര്‍. വിദേശ കുത്തകകള്‍ക്കു വേണ്ടി രാജ്യത്തെ പാവപ്പെട്ട രോഗികളെ കുരുതി കൊടുക്കുന്നവര്‍ കൊണ്ടുവരുമെന്ന് പറഞ്ഞ അച്ഛാ ദിന്‍ അഥവാ നല്ല ദിനങ്ങള്‍ ഇങ്ങനെയൊക്കെയാണെന്ന് തിരിച്ചറിയേണ്ടിവരും. പുതിയ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായ സമരങ്ങളാണ് ഉയര്‍ന്നുവരേണ്ടത്.

---- facebook comment plugin here -----

Latest