സുധീരന്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് പി എസ് രഘുറാം

Posted on: December 4, 2014 3:32 am | Last updated: December 3, 2014 at 11:33 pm

VM SUDHEERANകോട്ടയം: തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യത്തില്‍ കെ പി സി സി പ്രസിഡന്റ് ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചുവെന്നു കെ പി സി സി സെക്രട്ടറി പി എസ് രഘുറാം.
ജനപക്ഷയാത്രയുടെ പേരില്‍ ചങ്ങനാശ്ശേരി എക്‌സൈസ് സി ഐയുടെ പക്കല്‍ നിന്ന് പിരിവ് വാങ്ങിയതിന് രഘുറാം ഉള്‍പ്പെടെ ചങ്ങനാശ്ശേരിയിലെ നാല് കോണ്‍ഗ്രസ് നേതാക്കളെ കെ പി സി സി പ്രസിഡന്റ് കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെ പി സി സി പ്രസിഡന്റിന്റെ ഗ്രൂപ്പുകാരനായ ഡി സി സി പ്രസിഡന്റ് ടോമി കല്ലാനിയെ സംരക്ഷിക്കുന്നതിനു വേണ്ടിയാണു തന്നെയും ബ്ലോക്ക് പ്രസിഡന്റുമാരെയും പുറത്താക്കിയതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പിരിവ് വാങ്ങിയവരുടെ പേരുകള്‍ വെളിപ്പെടുത്തിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ കെ പി സി സി സെക്രട്ടറി നാട്ടകം സുരേഷ്, കോട്ടയം ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി എന്നിവരുടെ പേരുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യോഗസ്ഥനെ ഒരിക്കല്‍പോലും കാണാത്ത തനിക്കെതിരെ നടപടിയെടുത്ത വി എം സുധീരന്റെ നടപടിയില്‍ ദുരൂഹതയുണ്ട്. സസ്‌പെന്‍ഷന്‍ വിവരം മാധ്യമങ്ങളില്‍ കൂടിയാണ് അറിഞ്ഞത്. ജനപക്ഷയാത്രക്ക് ഷാപ്പുടമകളില്‍ നിന്ന് പണപ്പിരിവ് നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നാണ് കെ പി സി സി പ്രസിഡന്റ് കേരളത്തില്‍ പറഞ്ഞതെങ്കില്‍, പാര്‍ട്ടിക്കെതിരെ മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണു ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചത്.
ബാബു പ്രസാദ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ എന്നാണ് പറയുന്നത്. എന്നാല്‍, ബാബു പ്രസാദ് നേരിട്ടോ, ഫോണ്‍ മുഖേനയോ തന്നില്‍ നിന്ന് തെളിവെടുത്തിട്ടില്ല. ഏതു തെളിവിന്റെ അടിസ്ഥാനത്തില്‍ തന്നെ പുറത്താക്കിയെന്ന് കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കണം. സംഭവത്തെക്കുറിച്ചു കെ പി സി സിയുടെ ഉന്നത സമിതി സമഗ്ര അന്വേഷണം നടത്തണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എ ഐ സി സിക്ക് പരാതി നല്‍കും. ജനപക്ഷയാത്ര അവസാനിക്കുന്ന എട്ടിനു ശേഷം തന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് നടപടിയുണ്ടായില്ലെങ്കില്‍ കെ പി സി സി ആസ്ഥാനത്ത് മരണം വരെ ഉപവാസമിരിക്കുമെന്നും രഘുറാം പറഞ്ഞു.