ബുര്‍ദ്വാന്‍ സ്‌ഫോടനം: അമിത് ഷായെ തള്ളി കേന്ദ്രം

Posted on: December 4, 2014 4:03 am | Last updated: December 3, 2014 at 11:04 pm

amith shaന്യൂഡല്‍ഹി: ബുര്‍ദ്വാന്‍ സ്‌ഫോടനത്തിന് ശാരദാ ചിട്ടിത്തട്ടിപ്പിലെ പണമാണ് ഉപയോഗിച്ചതെന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിലപാടിനെ തള്ളി കേന്ദ്ര സര്‍ക്കാര്‍. ശാരദാ ചിട്ടി അഴിമതിയിലെ പണം ബംഗ്ലാദേശിലേക്ക് ഒഴുക്കിയതിനെ സംബന്ധിച്ച് ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിവ് ലഭിച്ചില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ രേഖാമൂലം മറുപടി നല്‍കിയതോടെ അമിത് ഷായുടെത് വെറും രാഷ്ട്രീയ ആരോപണമായി.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബംഗ്ലാേദേശിലേക്ക് ശാരദാ ചിട്ടിത്തട്ടിപ്പിന്റെ പണം ഒഴുക്കിയെന്ന ആരോപണം വന്നതിന് ശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തേടിയിരുന്നോയെന്ന ചോദ്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്. കേസില്‍ സ്വാധീനം ചെലുത്താന്‍ വിവിധയാളുകള്‍ക്ക് ശാരദാ മേധാവി വന്‍തോതില്‍ പണം നല്‍കിയിരുന്നോയെന്നും സര്‍ക്കാറിനോട് ചോദിച്ചിരുന്നു. ഇത് അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി മറുപടി നല്‍കി. ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയിലെ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ശാരദാ ചിട്ടിപ്പണം ബുര്‍ദ്വാന്‍ സ്‌ഫോടനത്തിന് ഉപയോഗിച്ചിട്ടുണ്ടായിരുന്നുവെന്നാണ് ഷാ പറഞ്ഞത്. കേന്ദ്ര സര്‍ക്കാറിന്റെ മറുപടി വന്നതിനെ തുടര്‍ന്ന് ബി ജെ പിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍ ആഞ്ഞടിച്ചു. വ്യാജ ആരോപണം ഉന്നയിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് തൃണമൂല്‍ എം പി കല്യാണ്‍ ബാനര്‍ജി ആവശ്യപ്പെട്ടു. വിശ്വസ്ത വിവരങ്ങള്‍ ലഭിക്കാത്തയാളാണ് അമിത് ഷാ. അതിനാല്‍ ഏറെ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. മറ്റൊരു അംഗമായ സുദീപ് ബന്ദോപാധ്യായ പറഞ്ഞു.
അതേസമയം, അമിത് ഷായെ ന്യായീകരിച്ച് പാര്‍ട്ടി രംഗത്തെത്തി. ഈ വിഷയത്തില്‍ ഒരു ഞെട്ടലുമില്ല. ഷായുടെ അവകാശവാദങ്ങള്‍ പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് പാര്‍ട്ടി വക്താവ് സിദ്ധാര്‍ഥ് നാഥ് സിംഗ് പറഞ്ഞു. സ്വന്തം നിലക്കുള്ള നേട്ടത്തിനാണ് ഈ വിഷയത്തെ സി പി എം ഉപയോഗിച്ചത്. ബി ജെ പിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ഇടയില്‍ ഒത്തുതീര്‍പ്പുണ്ടെന്നാണ് ഈ സംഭവവികാസങ്ങള്‍ കാണിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.