എല്ലാ വഴിയും അടഞ്ഞ് കേരളം; പുതിയ ഡാമിനുളള സാധ്യതാ പഠനം കടലാസിലൊതുങ്ങും

Posted on: December 4, 2014 5:01 am | Last updated: December 3, 2014 at 11:02 pm

mullapperiyarതൊടുപുഴ: പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജിയും സുപ്രീം കോടതി തളളിയതോടെ കേരളത്തിന്റെ എല്ലാ വാതിലും അടഞ്ഞു. മെയ് ഏഴിലെ വിധി പ്രകാരം പ്രധാന ഡാമും ബേബി ഡാമും ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കാനുളള നടപടികളുമായി തമിഴ്‌നാട് മുന്നോട്ടു പോകും. ബേബി ഡാം ബലപ്പെടുത്താനുളള പദ്ധതി തമിഴ്‌നാട് തീരുമാനിച്ചു കഴിഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാധ്യതാ പഠനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ബുധനാഴ്ച കേരളത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുകൊണ്ട് ഫലമില്ല. തമിഴ്‌നാടിന്റെ അനുമതിയും സഹായവുമില്ലാതെ പുതിയ ഡാം യാഥാര്‍ഥ്യമാകില്ല. കേരളം മുമ്പ് നല്‍കിയ അപേക്ഷയിലാണ് ബുധനാഴ്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. ഇതും സുപ്രീം കോടതി വിധിയുമായി ബന്ധമില്ല. പദ്ധതിപ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പഠനം നടത്താനാണ് അനുമതി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നുള്ളത് കേരളം വളരെക്കാലമായി ഉന്നയിച്ചുവരുന്ന ആവശ്യമാണ്. 1979ല്‍ ജലനിരപ്പ് 136 അടിയാക്കി കുറച്ചപ്പോള്‍ പുതിയ ഡാം നിര്‍മിക്കാന്‍ തമിഴ്‌നാട് സമ്മതിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു. പുതിയ അണക്കെട്ട് നിര്‍മിച്ചാല്‍ ജലം ലഭിക്കില്ലെന്നു പറഞ്ഞാണ് തമിഴ്‌നാട് നിര്‍മാണം തടയുന്നത്.
സുപ്രീം കോടതി വിധി അനകൂലമാകുമെന്ന പ്രതീക്ഷയില്‍ 250 കോടി രൂപ നിര്‍മാണ ചെലവ് വരുന്ന പുതിയ ഡാമിന്റെ രൂപരേഖ കേരളം ഏഴ് വര്‍ഷം മുമ്പ് തയ്യാറാക്കിയിരുന്നു. നിലവിലെ അണക്കെട്ടിന് 1300 അടി താഴെയാണ് പുതിയ ഡാമിന് സ്ഥാനം നിശ്ചയിച്ചത്. ഇതിനായി കുമളിയില്‍ ഓഫീസും ആരംഭിച്ചു. 14 സ്പില്‍വേ ഗേറ്റുളള ഡാമിന്റെ ഉയരം 55 മീറ്ററായി തീരുമാനിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി എതിരായതോടെ ഇതെല്ലാം പാഴായി.
പുതിയ ഡാമിന്റെ സാധ്യതാ പഠനത്തിനും നിരവധി കടമ്പകളുണ്ട്. വിശദമായ പരിസ്ഥിതി സന്തുലിതാ റിപ്പോര്‍ട്ട് ആദ്യം തയ്യാറാക്കണം. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം പൊതു തെളിവെടുപ്പ് നടത്തണം. പിന്നീട് സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡിന് മുന്നില്‍ വരും. സംസ്ഥാന ബോര്‍ഡിന്റെ വ്യാഖ്യാന റിപ്പോര്‍ട്ട് ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ പരിഗണനക്ക് വിടും. ശേഷം സുപ്രീം കോടതിയുടെ എംപവേര്‍ഡ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കണം. പിന്നീടാണ് കേന്ദ്ര സര്‍ക്കാറിന്റെ അനുമതിക്കായി നല്‍കേണ്ടത്. തമിഴ്‌നാടിന്റെ അനുമതിയില്ലെങ്കില്‍ എല്ലാം വ്യര്‍ഥമാകും. പുതിയ സാഹചര്യത്തില്‍ അതിന് സാധ്യതയുമില്ല. ചുരുക്കത്തില്‍ സാധ്യതാ പഠനാനുമതി കടലാസില്‍ തന്നെ വിശ്രമിക്കും.
ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ദേശീയ സുരക്ഷാ സേനയുടെ പരിശോധന ആരംഭിച്ചു. മുന്നറിയിപ്പു കൂടാതെ എത്തിയ സംഘത്തിന് വനംവകുപ്പ് പ്രവേശനാനുമതി നിഷേധിച്ചു. പെരിയാര്‍ കടുവ സങ്കേതം ഡെ. ഡയറക്ടറുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പരിശോധന നടന്നത്.