അറബ് രാജ്യങ്ങളുടെ പിന്തുണയോടെ ഇസ്‌റാഈലിനെതിരെ യു എന്‍ പ്രമേയം

Posted on: December 4, 2014 4:19 am | Last updated: December 3, 2014 at 10:20 pm

unവാഷിംഗ്ടണ്‍: മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ ഇസ്‌റാഈല്‍ മാത്രമാണ് ആണവ നിരായുധീകരണ കരാറില്‍ പങ്ക് ചേരാത്ത ഏക രാജ്യമെന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രമേയം. അഞ്ച് വോട്ടുകള്‍ക്കെതിരെ 161 വോട്ടുകള്‍ക്കാണ് യു എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയത്. അറബ് രാജ്യങ്ങളും പ്രമേയത്തിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തി. ഇസ്‌റാഈല്‍ കൈവശം വെച്ചിരിക്കുന്ന ആണവായുധങ്ങളുടെ വിവരം ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഇസ്‌റാഈലിന്റെ ആണവ സംവിധാനങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിരീക്ഷകര്‍ക്ക് തുറന്നുകൊടുക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. കൂടുതല്‍ വൈകാതെ ആണവ നിരായുധീകരണ കരാറില്‍ ഇസ്‌റാഈല്‍ ഒപ്പ് വെക്കണമെന്നും കൂടുതല്‍ ആണവായുധങ്ങള്‍ വികസിപ്പിക്കല്‍, ഉത്പാദിപ്പിക്കല്‍, പരീക്ഷണം നടത്തല്‍ എന്നിവയില്‍ ഇസ്‌റാഈല്‍ ഇടപെടാന്‍ പാടില്ലെന്ന് പ്രമേയം പറയുന്നു.
എന്നാല്‍, പ്രമേയത്തിനെ എതിര്‍ത്ത് അമേരിക്കയും കാനഡയും ഇസ്‌റാഈലിന്റെ ഭാഗത്തായിരുന്നു നിലകൊണ്ടത്. 18 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ സംഭരിച്ചുവെച്ച രാജ്യമാണ് ഇസ്‌റാഈല്‍. പക്ഷേ ഇതിന്റെ കണക്ക് ഇതുവരെയും വെളിപ്പെടുത്താന്‍ ഈ രാജ്യം തയ്യാറായിട്ടില്ല.
ഈജിപ്താണ് ഇസ്‌റാഈലിനെതിരെ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഈജിപ്തിന് പിന്തുണയുമായി വിവിധ അറബ് രാജ്യങ്ങളും രംഗത്തെത്തി. വിയന്നയില്‍ നടന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ യോഗത്തില്‍ ഈ പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
മധ്യപൗരസ്ത്യ ദേശത്തെ ആണവനിരായുധീകരണത്തിലെ വെല്ലുവിളികള്‍ എന്ന തലക്കെട്ടിലായിരുന്നു യു എന്‍ പ്രമേയം അവതരിപ്പിച്ചത്. യു എസിന്റെ പിന്തുണയോടെയുള്ള നിരായുധീകരണ ചര്‍ച്ചകള്‍ 2012ല്‍ അവസാനിപ്പിച്ച സംഭവത്തിലും പ്രമേയം ഖേദം പ്രകടിപ്പിച്ചു.
ദീര്‍ഘകാലമായി ഇസ്‌റാഈല്‍ വിവിധ തരത്തിലുള്ള ആണവായുധങ്ങള്‍ കൈവശം വെക്കുന്നുണ്ട്. എന്നാല്‍, ഇറാന്റെ ആണവ പരിപാടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ വിമര്‍ശവുമായി രംഗത്തുള്ളതും ഇസ്‌റാഈലാണ്. അതേസമയം, തങ്ങളുടെ ഊര്‍ജ ആവശ്യങ്ങള്‍ക്കാണ് ആണവ പ്രവര്‍ത്തനങ്ങളെന്ന് ഇറാന്‍ വ്യക്തമാക്കുന്നു.