ഇസില്‍ വിരുദ്ധ ആക്രമണം ഇറാന്‍ നിഷേധിച്ചു

Posted on: December 4, 2014 4:18 am | Last updated: December 3, 2014 at 10:18 pm

ടെഹ്‌റാന്‍: ഇറാഖിലെ ഇസില്‍ തീവ്രവാദികള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയെന്ന വാര്‍ത്ത ഇറാന്‍ നിഷേധിച്ചു. ഇറാന്‍ വ്യോമസേന ഉപയോഗിക്കുന്ന എഫ് 4 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ വ്യോമാക്രമണം നടത്തിയതായി പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു. അല്‍ ജസീറയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനാണ് വ്യോമാക്രമണം നിഷേധിച്ചു കൊണ്ട് റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചത്. ഇറാന്‍ ഒരിക്കലും ഇറാഖില്‍ വ്യോമാക്രമണത്തില്‍ പങ്ക് ചേര്‍ന്നിട്ടില്ലെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. അമേരിക്കയുമായി സഹകരിച്ച് വ്യോമാക്രമണം നടത്തിയോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാഖിലെ ദിയാലയില്‍ നവംബര്‍ 24ന് ഇറാന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇസില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അമേരിക്കയുമായി ഇറാന്‍ സഹകരിച്ച് വ്യോമാക്രമണം നടത്തുന്നുവെന്ന രീതിയിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. അമേരിക്ക വാര്‍ത്ത അംഗീകരിച്ചും നിഷേധിച്ചും പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.