Connect with us

International

ഹോങ്കോംഗിന്റെ പരമാധികാരത്തില്‍ ബ്രിട്ടന്‍ ഇടപെടേണ്ടെന്ന് ചൈന

Published

|

Last Updated

ബീജിംഗ്: ഹോങ്കോംഗിന്റെ കാര്യത്തില്‍ ബ്രിട്ടന് അവകാശമില്ലെന്നും അവര്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും ചൈന.
ഹോങ്കോംഗ് തിരിച്ചുതന്നതിന് ശേഷം ഈ രാജ്യത്തിന്റെ പരമാധികാരത്തില്‍ ബ്രിട്ടന് ഒരു അവകാശവുമില്ല. അതുപോലെ ഭരണപരമായ മേധാവിത്വമോ ഹോങ്കോംഗിനെ സംബന്ധിച്ച കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കാനോ അവര്‍ക്ക് ധാര്‍മിക കടമയുമില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഹു ചുയിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ബ്രിട്ടനില്‍ നിന്നുള്ള എം പിമാര്‍ക്ക് ഹോങ്കോംഗ് സന്ദര്‍ശിക്കുന്നതിനുള്ള അനുമതി ചൈന നിഷേധിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ബ്രിട്ടീഷുകാരായ ചില വ്യക്തികള്‍ ചില ധാര്‍മിക കടപ്പാടുകള്‍ ചൂണ്ടിക്കാട്ടി ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാനും ഇവിടുത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുപോകും. 1997ല്‍ ഹോങ്കോംഗ് ചൈനക്ക് തിരിച്ചു ലഭിച്ചു. ഇതിന്റെ മേലുള്ള പരമാധികാരം പൂര്‍ണമായും ചൈനക്കാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1997വരെ ബ്രിട്ടീഷ് കോളനിയായിരുന്നു ഹോങ്കോംഗ്.
ബ്രിട്ടീഷ് എം പിമാര്‍ക്ക് വിസ നിഷേധിച്ച സംഭവം ചൈനക്കും ബ്രിട്ടനും ഇടയിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. 2012ല്‍ ഡൗണിംഗ് സ്ട്രീറ്റില്‍ വെച്ച് ദലൈലാമയുമായി കാമറൂണ്‍ കൂടിക്കാഴ്ച നടത്തിയതും ഇരുകൂട്ടര്‍ക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു.
ജനാധിപത്യ പ്രക്ഷോഭകര്‍ ശക്തമായ പ്രതിഷേധവുമായി കഴിഞ്ഞ രണ്ട് മാസത്തോളമായി രംഗത്തുണ്ട്. ഹോങ്കോംഗിലെ സര്‍ക്കാര്‍ ആസ്ഥാന മന്ദിരത്തിന് മുമ്പില്‍ ആയിരങ്ങളാണ് ഇപ്പോഴും പ്രതിഷേധവുമായി ഒത്തുകൂടിയിരിക്കുന്നത്.

Latest