പോലീസിനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ കീഴടങ്ങി

Posted on: December 4, 2014 12:16 am | Last updated: December 3, 2014 at 10:16 pm

കാഞ്ഞങ്ങാട്: വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെ കരിങ്കൊടി കാണിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി പോലീസിനെ ആക്രമിച്ച കേസില്‍ പ്രതികളായ മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി.
കുണിയയിലെ കെ എം ജംഷാദ് (20), കുണിയ അറഫ നഗറിലെ മുസ്തഫ എന്ന മുജീബ്(19), കുണിയയിലെ കെ എ അഫ്‌സല്‍ (26) എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
2014 സെപ്തംബര്‍ 22ന് ഉച്ചയ്ക്ക് 12.45 മണിയോടെ കുണിയ ഗവ. ഹൈസ്‌ക്കൂള്‍ പരിസരത്താണ് സംഘര്‍ഷമുണ്ടായത്. കുണിയയില്‍ അനുവദിച്ച ഉദുമ ഗവ. ആര്‍ട്‌സ് ആന്റ്് സയന്‍സ് കോളജ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ എത്തുകയും ഇവരെ ലീഗ്-എംഎസ്എഫ് പ്രവര്‍ത്തകര്‍ തടയുകയും ചെയ്തതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതോടെ വിവരമറിഞ്ഞ് ബേക്കല്‍ എസ് ഐ. പി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിന് നേരെ ഒരു സംഘം കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഏതാനും പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ പോലീസിനെ ആക്രമിച്ചതിന് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ കുറച്ച് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പോലീസിന് പിടികൊടുക്കാതെ ഒഴിവില്‍ കഴിയുകയായിരുന്ന പ്രതികളാണ് കോടതിയില്‍ കീഴടങ്ങിയത്.
വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.