Connect with us

Palakkad

ആദിവാസിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തെ ചൊല്ലി തര്‍ക്കം

Published

|

Last Updated

മണ്ണാര്‍ക്കാട്: കുഴഞ്ഞുവീണ് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനെ ചൊല്ലി ഡോക്ടറും ബന്ധുക്കളും തമ്മില്‍ തര്‍ക്കം.
കുമരംപുത്തൂര്‍ മൈലാംമ്പാടം പൊതുവപ്പാടം കോളനിയിലെ മാഥന്റെ മകന്‍ രാജനാ (29)ണ് ചൊവ്വാഴ്ച രാവിലെ വീടിനു സമീപം കുഴഞ്ഞുവീണ് മരിച്ചത്. മണ്ണാര്‍ക്കാട് പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ഉച്ചക്ക് രണ്ടേക്കാല്‍ മണിയോടെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഭക്ഷണത്തിനായി പുറത്ത് പോയിയിരുന്നു. ആശുപത്രി അധികൃതര്‍ ഉച്ചക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു.
3.30 മണിയോടെ ഡ്യൂട്ടിയില്‍ തിരിച്ചെത്തിയ ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മടിക്കുകയും ഫോറന്‍സിക് വിദഗ്ദന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ഇതിനായി മൃതദേഹം ജില്ലാ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് പ്രതിഷേധത്തിനിടയാക്കി. ഉച്ചക്ക് രണ്ടേകാല്‍ മണിയോടെ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചത് 4മണിയോടെയാണ്. മരണത്തില്‍ ആര്‍ക്കും പരാതിയില്ലാതിരിതിട്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാത്തതിന് വ്യക്തമായ കാരണം ആശുപത്രി അധികൃതര്‍ രേഖാമൂലം നല്‍കണമെന്ന് ബന്ധുക്കളും പൊലീസും ആവശ്യപ്പെട്ടു. ഇതിനിടെ സംഭവമറിഞ്ഞ് ഡി വൈ എഫ് ഐ നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി ആശുപത്രിയിലെത്തി. ഇത് അല്‍പ്പസമയം ബഹളത്തിനിടയാക്കി.
പിന്നീട് ഡോക്ടറുമായും പ്രതിഷേധക്കാരുമായും മണ്ണാര്‍ക്കാട് എസ് ഐ ദീപക് കുമാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. തങ്കമണിയാണ് മരിച്ച രാജന്റെ ഭാര്യ. മക്കള്‍: രാജേഷ്, രാഗേഷ്, രതീഷ്.