Connect with us

Kozhikode

വൈകല്യത്തെ അതിജയിച്ച മമ്മിയെ സര്‍ക്കാര്‍ തോല്‍പ്പിച്ചുകളഞ്ഞു

Published

|

Last Updated

കൊടുവള്ളി: വൈകല്യത്തെ തോല്‍പ്പിച്ച് എസ് എസ് എല്‍ സിയും ഐ ടി ഐയും പാസായിട്ടും ഒരു ജോലിക്കു വേണ്ടി കാത്തിരുന്ന മമ്മിയെ സര്‍ക്കാര്‍ തോല്‍പ്പിച്ചുകളഞ്ഞു.
ആറ് മാസം ജോലി ചെയ്ത മുഴുവന്‍ വികലാംഗരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്തിയപ്പോള്‍ ആ ലിസ്റ്റില്‍ ആരാമ്പ്രം ചോലക്കരത്താഴം ഉരുക്കുംചാലില്‍ മമ്മി ഉള്‍പ്പെടാതെ പോയത് തന്റെ കുറ്റംകൊണ്ടായിരുന്നില്ല. എംപ്ലോയ്‌മെന്റ് വഴി ലഭിച്ച ജോലി ആറ് മാസം തികയും മുമ്പേ തന്റെ തസ്തികയില്‍ പി എസ് സി നിയമനം നടന്നതാണ് മമ്മിക്ക് വിനയായത്.
70 ശതമാനം ശാരീരിക വൈകല്യമുള്ള മമ്മിയെ ഒന്നാം ക്ലാസ് മുതല്‍ ദീര്‍ഘകാലം മാതാപിതാക്കള്‍ സ്‌കൂളിലേക്ക് എടുത്തുകൊണ്ടുപോയാണ് പഠിപ്പിച്ചത്. 1995ല്‍ എസ് എസ് എല്‍ സിയും 2003ല്‍ ഐ ടി ഐയില്‍ നിന്ന് ഇലക്‌ട്രോണിക് മെക്കാനിക്കും പാസായി. 1999 മുതല്‍ എംപ്ലോയ്‌മെന്റില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് പുതുക്കിവരുന്ന മമ്മിക്ക് 2013 ല്‍ മലാപ്പറമ്പ് വിമന്‍സ് പോളിടെക്‌നിക്കില്‍ ട്രേഡ്‌സ് മാന്‍ ഇന്‍ ഇല്കട്രോണിക്‌സ് സെക്ഷനില്‍ ആറ് മാസത്തേക്ക് എംപ്ലോയ്‌മെന്റ് മുഖേന നിയമനം ലഭിച്ചിരുന്നതാണ്.
എന്നാല്‍ ജോലിയില്‍ പ്രവേശിച്ച് രണ്ട് മാസവും 23 ദിവസവും പിന്നിട്ടപ്പോഴേക്കും ആ തസ്തികയില്‍ പി എസ് സി മുഖേന സ്ഥിരം നിയമനം വന്നു. അതോടെ മമ്മി പുറത്തായി.
2006ല്‍ ആറ് മാസം ജോലി ചെയ്ത വികലാംഗരെയൊക്കെ സര്‍വീസില്‍ സ്ഥിരപ്പെടുത്തിയപ്പോള്‍ മമ്മിക്ക് അവസരം നഷ്ടമായത് താല്‍കാലിക സര്‍വീസ് ആറ് മാസം പൂര്‍ത്തീകരിച്ചിട്ടില്ലെന്ന കാരണത്താലാണ്. ഇന്ന് ലോക ഭിന്നശേഷി ദിനം ആചരിക്കുമ്പോള്‍ തന്റേതല്ലാത്ത കാരണത്താല്‍ കൈവിട്ടുപോയ ജോലിക്കായി മമ്മി സര്‍ക്കാരിന്റെ കരുണ കാത്തിരിപ്പാണ്.

---- facebook comment plugin here -----

Latest