Connect with us

Malappuram

ചോക്കാട് നെല്ലിയാംപാടം ആദിവാസി കോളനി അവഗണനയില്‍

Published

|

Last Updated

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ നെല്ലിയാംപാടം ആദിവാസി കോളനിയെ അധികൃതര്‍ അവഗണിച്ചതായി പരാതി. പന്ത്രണ്ട് കുടുംബങ്ങളുള്ള കോളനിയില്‍ 150 ഓളം ആളുകളാണ് ഉള്ളത്. ജീര്‍ണിച്ചതും ഇടിഞ്ഞ് പൊളിഞ്ഞതുമായ കുടിലുകളാണ് കോളനിയില്‍ ഉള്ളത്. ഓരോകുടിലുകളിലും ഒന്നിലധികം കുടുംബങ്ങളാണ് കോളനിയില്‍ കഴിയുന്നത്.
പണിയ വിഭാഗം ആദിവാസികളായ നെല്ലിയാംപാടം കോളനിക്കാര്‍ക്ക് ആദിവാസികള്‍ക്ക് നല്‍കുന്ന ഒരു ആനുകൂല്യവും നല്‍കാതെ അധികൃതര്‍ പൂര്‍ണമായി അവഗണിച്ചിരിക്കുകയാണ്. നെല്ലിയാംപാടം ബാലന്‍, ചന്ദ്രന്‍, മാധവി, നീലി, കണ്ണന്‍, വെളളന്‍, കൃഷ്ണന്‍, തങ്ക, ജയന്‍, രാമകൃഷ്ണന്‍, അപ്പു എന്നീ കുടുംബങ്ങളാണ് കോളനിയില്‍ കഴിയുന്നത്.
അറുപത് പിന്നിട്ട ഇരുപതോളം ആളുകളും, ക്ഷയ രോഗം ഉള്‍പ്പടെയുളള നിത്യ രോഗികളായ നാല് പേരും അഞ്ച് വിധവകളും കോളനിയില്‍ താമസിക്കുന്നുണ്ട്. ആവശ്യമായ ചികിത്സ കിട്ടാതെ അവശയായ യുവതിയുടെയും വൃദ്ധയെ സംബന്ധിച്ചും സിറാജ് വാര്‍ത്തകള്‍ ചെയ്തിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് ഐ ടി ഡി പി അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭക്ഷണവും മറ്റ് പ്രയാസങ്ങളും കാരണം തിരികെ പോന്നിരിക്കുകയാണ്. അമ്പിളി എന്ന യുവതിക്ക് വിദഗ്ധ ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ ചികിത്സ നല്‍കുന്നുണ്ടെങ്കിലും ക്ഷയരോഗ ബാധിതയായ യുവതിക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കാതെ പ്രയാസത്തിലാണ്. പെന്‍ഷനുകളോ മറ്റ് ആനുകൂല്യങ്ങളും കോളനിയിലെ പലര്‍ക്കും ലഭിക്കുന്നില്ല. പണിയ വിഭാഗക്കാര്‍ക്ക് കുടുംബശ്രീ വഴി സര്‍ക്കാര്‍ നല്‍കിയ പോഷകാഹാരവും കോളനിയില്‍ നല്‍കിയില്ല. നൂറ് ദിവസത്തെ പോഷകാഹാര പദ്ധതിയില്‍ നിന്ന് കോളനിക്കാരെ അവഗണിച്ചെതിനെതിരെ സമരം നടത്തിയിരുന്നു. ഐ ടി ഡി പി അധികൃതര്‍ നല്‍കിയ ലിസ്റ്റ് പ്രകാരമാണ് കുടുംബശ്രീയുടെ പോഷകാഹാര പദ്ധതി നടത്തിയത്.
നെല്ലിയാംപാടം ആദിവാസി കോളനിയില്‍ പദ്ധതി നടത്താത്തതിനെതിരെ പരാതി നല്‍കിയെങ്കിലും കോളനിക്കാരെ കബളിപ്പിക്കുകയാണ് ഐ ടി ഡി പി അധികൃതര്‍ ചെയ്‌തെന്ന് ആരോപണമുണ്ട്. അവഗണനക്കെതിരെ ഉന്നതര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് കോളനിക്കാര്‍.

---- facebook comment plugin here -----

Latest