Connect with us

Kannur

നാനൂറ് ലോ ഫ്‌ളോര്‍ ബസുകള്‍ മൂന്ന് മാസത്തിനകം നിരത്തിലിറങ്ങും

Published

|

Last Updated

കണ്ണൂര്‍: നഗരങ്ങളിലെ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ജവഹര്‍ലാല്‍ നെഹ്‌റു നാഷനല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജന്റം) പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളിലായി നാനൂറ് ലോ ഫ്‌ളോര്‍ ബസുകള്‍ മൂന്ന് മാസത്തിനകം നിരത്തിലിറങ്ങും.

ദീര്‍ഘദൂര ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് ലാഭകരമാണെന്ന കെ എസ് ആര്‍ ടി സിയുടെ വിലയിരുത്തലിന്റെ പശ്ചാതലത്തിലാണ് നഷ്ടക്കണക്കുകള്‍ക്കിടയിലും പുതുതായി നാനൂറ് ബസുകള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അന്തിമ നടപടികള്‍ പൂര്‍ത്തിയായി.
കെ എസ് ആര്‍ ടി സി നേരത്തെ മുന്നോട്ടുവെച്ച നിര്‍ദേശത്തിന്റെ ഭാഗമായി ഓരോ ജില്ലയിലെയും സര്‍വീസ് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ബെംഗളൂരുവിലെ സര്‍ക്കാര്‍ ഏജന്‍സി കഴിഞ്ഞ വര്‍ഷം പഠനം നടത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഓരോ ജില്ലയിലേക്കും ജന്റം ബസുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. കെ എസ് ആര്‍ ടി സിയുടെ ഉപ സംവിധാനമായി പുതുതായി രൂപവത്കരിച്ച അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വഴിയായിരിക്കും സര്‍വീസ് നടത്തുക.
ലോ ഫ്‌ളോര്‍ ബസുകള്‍ ഓടിക്കാന്‍ കര്‍ണാടകത്തില്‍ നിലവിലുള്ള സംവിധാനത്തിന്റെ മാതൃകയിലാണ് കേരള അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് രൂപം നല്‍കിയിട്ടുള്ളത്. നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഫണ്ട് അനുവദിക്കുന്ന കേന്ദ്ര മോനിറ്ററിംഗ് കമ്മിറ്റിയുടെ നിര്‍ദേശം പരിഗണിച്ചാണിത്. ഓരോ നഗരത്തില്‍ നിന്ന് 40കി. മീ. ചുറ്റളവില്‍ സര്‍വീസ് നടത്തുന്ന രീതിയില്‍ റൂട്ട് ക്രമീകരിക്കാനാണ് ഉദേശിച്ചിട്ടുള്ളത്. സര്‍വീസ് എത്രത്തോളം ലാഭകരമാണെന്നതിനെ ആശ്രയിച്ച് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്‌തേക്കും.
കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തുടങ്ങിയ ജില്ലകളില്‍ ലോ ഫ്‌ളോര്‍ ബസുകളുടെ സര്‍വീസുകള്‍ ഏറെ ഗുണകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാത്രമല്ല, പുതുതായി വടക്കന്‍ ജില്ലകളില്‍ ബസുകള്‍ അനുവദിച്ചാല്‍ സര്‍വീസുകള്‍ ലാഭകരമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മാനന്തവാടി-കോഴിക്കോട്, കണ്ണൂര്‍-കാസര്‍കോട് റൂട്ടുകളിലെ സര്‍വീസുകള്‍ ഏറെക്കുറെ കെ എസ് ആര്‍ ടി സിക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്നവയാണ്. ഈ റൂട്ടുകളില്‍ എ സി, ആഡംബര ബസുകള്‍ നിരത്തിലിറക്കിയാല്‍ യാത്രക്കാരെ കാര്യമായി ആകര്‍ഷിക്കാനാകുമെന്നും കണക്കുകൂട്ടുന്നുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് യാത്ര ചെയ്യാനാവുമെന്നതിനപ്പുറം സുരക്ഷിത യാത്രയും ഇതിലൂടെ സാധ്യമാകുമെന്ന് അധികൃതര്‍ പറയുന്നു. എയര്‍ കണ്ടീഷന്‍, അത്യാധുനിക സീറ്റുകള്‍, താഴ്ന്ന ചവിട്ടുപടി തുടങ്ങി യാത്ര സുഖകരമാക്കുന്ന നിരവധി പ്രത്യേകതകളുണ്ട് ജെന്റം ബസുകള്‍ക്ക്.
തിരക്കേറിയ നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് എളുപ്പം കയറിയിറങ്ങുന്നതിനും ചൂടില്‍ നിന്നു രക്ഷ നേടുന്നതിനും അനുയോജ്യമായ രീതിയിലാണ് ബസുകളുടെ നിര്‍മിതി. ആധുനിക ബസുകള്‍ നഗരത്തില്‍ ഓടുന്നതോടെ യാത്രക്കാര്‍ കാറുകള്‍ പോലുള്ള സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിക്കുമെന്നാണ് പദ്ധതിയുടെ പ്രതീക്ഷ. എളുപ്പത്തില്‍ നിര്‍ത്തുന്നതിനും വീണ്ടും സര്‍വീസ് നടത്തുന്നതിനും സൗകര്യമായ വിധത്തില്‍ ഓട്ടോമാറ്റിക് ഗീയറുകള്‍ ഉള്ള ബസുകളും ഉണ്ട്.
2009 മുതല്‍ വിവിധ ഘട്ടങ്ങളിലായി വാങ്ങിയ 313 ലോ ഫ്‌ളോര്‍ ബസുകള്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഇവയിലേറെയും. തിരുവനന്തപുരം- കൊച്ചി, കൊച്ചി-കോഴിക്കോട്, കൊച്ചി- കോട്ടയം തുടങ്ങി ദീര്‍ഘദൂര സര്‍വീസുകള്‍ കെ എസ് ആര്‍ ടി സിക്ക് ലാഭകരമായിരുന്നുവെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ എ സി ലോ ഫ്‌ളോര്‍ ബസുകളുടെ പ്രതിദിന വരുമാനം 10,000 മുതല്‍ 12,000 വരെ രൂപയാണ്. ദീര്‍ഘദൂര സര്‍വീസുകളുടെ വരുമാനം 20,000 മുതല്‍ 22,000 രൂപ വരെയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ദീര്‍ഘദൂര സര്‍വീസുകളുടെ ഇന്ധനക്ഷമത കൂടുതലായതിനാല്‍ ആ വഴിക്കും നല്ല ലാഭമുണ്ടെന്ന് കെ എസ് ആര്‍ ടി സി വ്യക്തമാക്കുന്നുണ്ട്. രണ്ട് ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളാണ് തുടക്കത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. നഗരത്തില്‍ സര്‍വീസ് നടത്തുന്നതിനു വേണ്ടി അത്യാധുനിക ബസുകള്‍ സൗജന്യമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കും. ബസുകളുടെ നടത്തിപ്പ് മാത്രമാണ് പിന്നീട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാധ്യത.

Latest