മികച്ച താരമാകാന്‍ ജര്‍മന്‍ ഗോളിയും

Posted on: December 3, 2014 12:51 am | Last updated: December 3, 2014 at 12:51 am

mauel-neuer-പാരിസ്: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഫിഫ ലോകഫുട്‌ബോളര്‍ പട്ടം ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാത്രമാണ് അണിഞ്ഞത്. ഇത്തവണയും അന്തിമ മൂന്നംഗ പട്ടികയില്‍ ഇവര്‍ തന്നെയാണ് ഫേവറിറ്റുകളായി നില്‍ക്കുന്നത്. മൂന്നാത്തെ താരം ഇവരെ പോലെ ഗോളടിച്ചു കൂട്ടിയിട്ടില്ല. പക്ഷേ, ഗോളിന് മുന്നില്‍ വന്‍മതില്‍ സൃഷ്ടിച്ചു. ബ്രസീല്‍ ലോകകപ്പില്‍ സ്വീപ്പറുടെ റോള്‍ വരെ ഭംഗിയായി നിര്‍വഹിച്ച ഗോള്‍ കീപ്പര്‍. ജര്‍മനിയുടെ മാനുവല്‍ ന്യൂവര്‍. ബയേണ്‍ മ്യൂണിക്കിനൊപ്പം രണ്ട് ആഭ്യന്തര കിരീട നേട്ടങ്ങളും ന്യുവറിന്റെ എക്കൗണ്ടിലുണ്ട്. സോവിയറ്റ് യൂണിയന്റെ വിഖ്യാത ഗോള്‍ കീപ്പര്‍ ലെവ് യാഷിന്‍ മാത്രമാണ് ലോകഫുട്‌ബോളര്‍ പട്ടം സ്വന്തമാക്കിയ ഏക ഗോള്‍ കീപ്പര്‍. യാഷിന്റെ പിന്‍ഗാമിയാകാനാണ് ന്യുവറിന്റെ ഒരുക്കം. എന്നാല്‍, ഗോളടിക്കാര്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നതിനാല്‍ ന്യുവര്‍ക്ക് മുന്നില്‍ കടമ്പകളുണ്ട്. ബാലണ്‍ ദ്യോറില്‍ ഹാട്രിക്ക് ലക്ഷ്യമിടുന്ന ക്രിസ്റ്റ്യാനോ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒറ്റ സീസണില്‍ പതിനേഴ് ഗോളുകള്‍ നേടി സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഒപ്പം തന്നെ റയല്‍മാഡ്രിഡിന് പത്താം കിരീടവും ക്രിസ്റ്റ്യാനോ സമ്മാനിച്ചു. ക്ലബ്ബ് ഫുട്‌ബോളിലെ മികവിനൊപ്പം ലോകകപ്പ് യോഗ്യതാ പ്ലേ ഓഫില്‍ ഹാട്രിക്ക് നേടിയതും ക്രിസ്റ്റ്യാനോക്ക് തുണയാകും. അതേസമയം ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ നിറം മങ്ങി. ലയണല്‍ മെസി പതിവ് ഫോമിലേക്കുയരുന്നതില്‍ പരാജയപ്പെട്ടിരുന്നു. എന്നിട്ടും ക്രിസ്റ്റ്യാനോക്കൊപ്പം അന്തിമപട്ടികയില്‍ ഇടം പിടിച്ചു.
മികച്ച പരിശീലകരുടെ അന്തിമ പട്ടികയില്‍ റയലിന്റെ കാര്‍ലോ ആഞ്ചലോട്ടി, ജര്‍മനിയുടെ ജോക്വം ലോ, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഡിയഗോ സിമിയോണി എന്നിവരാണ്.