മികച്ച ഗോള്‍: വാന്‍ പഴ്‌സിക്കും റോഡ്രിഗസിനും വെല്ലുവിളിയായി വനിതാ താരം

Posted on: December 3, 2014 12:48 am | Last updated: December 3, 2014 at 12:49 am

2386A60600000578-2856777-image-8_1417516847852സൂറിച്: മികച്ച ഗോളിനുള്ള ഫിഫ ഗോള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് ഇത്തവണ മത്സരിക്കുന്നത് ഹോളണ്ട് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പഴ്‌സിയും കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഹാമിഷ് റോഡ്രിഗസും അയര്‍ലാന്‍ഡിന്റെ സ്റ്റെഫാനി റോചെയും.
വാന്‍ പഴ്‌സിയും റോഡ്രിഗസും ലോകകപ്പില്‍ നേടിയ തകര്‍പ്പന്‍ ഗോളുകളുടെ ബലത്തിലാണ് അന്തിമപട്ടികയില്‍ ഇടം പിടിച്ചത്. അവരെ ലോകം അറിയും. പക്ഷേ, ആരാണീ സ്റ്റെഫാനി റോചെ ?. അയര്‍ലാന്‍ഡില്‍ നിന്നുള്ള രാജ്യാന്തര വനിതാ താരമാണ് റോചെ. ഫിഫ വര്‍ഷാവര്‍ഷം നല്‍കി വരുന്ന മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം നേടുന്ന ആദ്യ വനിതാ താരമാകാമെന്ന പ്രതീക്ഷയൊന്നും റോചെക്കില്ല.
എങ്കിലും ലോകഫുട്‌ബോളിലെ കരുത്തരായ സ്‌ട്രൈക്കര്‍മാര്‍ക്കൊപ്പം തന്റെ പേരും പരാമര്‍ശിക്കപ്പെട്ടതില്‍ റോചെക്ക് അതിയായ സന്തോഷം. 2013 ഒക്‌ടോബറിലായിരുന്നു റോചെയുടെ ഗോള്‍. പീമൗണ്ട് യുനൈറ്റഡിന്റെ താരമായ റോചെ വെക്‌സ്‌ഫോര്‍ഡിനെതിരെയാണ് മാന്ത്രിക ഗോള്‍ നേടിയത്. ബോക്‌സിന് പുറത്ത് നിന്ന് ക്രോസ് ബോള്‍ കണ്‍ട്രോള്‍ ചെയ്ത റോചെ തന്റെ പിറകിലുള്ള ഡിഫന്‍ഡറുടെ തലക്ക് മുകളിലൂടെ പന്ത് കോരിയിട്ട് വെട്ടിത്തിരിഞ്ഞ് തൊടുത്ത സൂപ്പര്‍ വോളി വല കുലുക്കി. പെലെ നേടിയ മാസ്മരിക ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു റോചെയുടെ ഗോളെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
റോബിന്‍ വാന്‍ പഴ്‌സി ബ്രസീല്‍ ലോകകപ്പില്‍ സ്‌പെയ്‌നിനെതിരെ നേടിയ ഫ്‌ളൈയിംഗ് ഡച്ച്മാന്‍ എന്ന വിശേഷണം ലഭിച്ച പറക്കും ഹെഡറാണ് മികച്ച ഗോളുകളിലൊന്ന്. ഹാമിഷ് റോഡ്രിഗസ് ഉറുഗ്വെക്കെതിരെ നേടിയ ലോംഗ് റേഞ്ചറാണ് പട്ടികയിലിടം പിടിച്ച മറ്റൊന്ന്.
ജനുവരി പന്ത്രണ്ടിന് സൂറിചിലാണ് ജേതാവിനെ പ്രഖ്യാപിക്കുക.