യു ഡി എഫ് സര്‍ക്കാര്‍ കടമെടുത്തത് 42,663 കോടി രൂപ

Posted on: December 3, 2014 12:22 am | Last updated: December 3, 2014 at 12:22 am

cashതിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷം ബജറ്റ് വിഭാവനം ചെയ്ത തരത്തില്‍ സംസ്ഥാനത്ത് നികുതി വരുമാനത്തില്‍ വര്‍ധന ഉണ്ടായില്ലെന്ന് ധനകാര്യമന്ത്രി കെ എം മാണി നിയമസഭയെ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ നവംബര്‍ 26 വരെ പൊതുവിപണയില്‍ നിന്ന് കടപ്പത്രം മുഖേന 42,663 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.

എന്നാല്‍ സംസ്ഥാന സര്‍ക്കാറിന് കടമെടുക്കല്‍ പരിധി പ്രകാരം ഇനിയും 4148 കോടി രൂപ കൂടി കടമെടുക്കാനാകും. കേന്ദ്ര നികുതി വിഹിതത്തിലെ കുറവുമൂലം റവന്യൂ വരവില്‍ പ്രതീക്ഷിച്ച വര്‍ധനയുണ്ടായില്ല. എങ്കിലും ധനകാര്യ മാനേജ്‌മെന്റ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അധിക വിഭവ സമാഹരണത്തിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും സ്ഥാപനങ്ങളും ഏജന്‍സികളും രൂപവത്കരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30,000 ഓളം താത്കാലിക തസ്തികകള്‍ അധികമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ 25 ശതമാനം നടപ്പുസാമ്പത്തിക വര്‍ഷം തന്നെ നിര്‍ത്തലാക്കും. നിലവില്‍ കരാറുകാര്‍ക്ക് 12741 കോടി രൂപ കുടിശ്ശികയുണ്ട്. ഇതില്‍ 10000 കോടി പെട്ടെന്ന് പിരിച്ചു തീര്‍ക്കാവുന്നതാണ്. പൊതുമരാമത്ത് വകുപ്പില്‍ നിരത്ത്, പാലം വിഭാഗത്തില്‍ ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ആഗസ്ത് 31വരെ 1343.47 കോടിയും കെട്ടിട വിഭാഗത്തില്‍ നിന്നും ഇതേ കാലയളവില്‍ 260.51 കോടിയും ജലവിഭവവകുപ്പില്‍ ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂലൈ ഏഴു വരെ 61.42 കോടിയും ഉള്‍പ്പെടെ 1665.40 കോടി രൂപ കരാറുകാര്‍ക്ക് കുടിശ്ശികയായി നല്‍കാനുണ്ട്. ഇക്കാരണത്താല്‍ കരാറുകാര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയാണ്. സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് കരാറുകാരുടെ കുടിശ്ശിക ഘട്ടംഘട്ടമായി കൊടുത്തുതീര്‍ക്കാന്‍ നടപടി സ്വീകരിക്കും.
കുടിശ്ശിക പിരിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ സ്റ്റേ ഒന്നും നിലവിലില്ല. 30 ശതമാനം തുക മുന്‍കൂറായി കെട്ടിവെച്ചു ഘട്ടം ഘട്ടമായി കുടിശ്ശിക തീര്‍ക്കാന്‍ അനുവദിക്കുന്ന കണ്ടീഷനല്‍ സ്റ്റേ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. മദ്യനിരോധനം ടൂറിസം മേഖലയെ ബാധിക്കുമെങ്കിലും സാമുഹിക നന്മക്ക് വേണ്ടി ചിലപ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടിവരും.
മോണോ റെയില്‍ പോലുള്ള പദ്ധതികള്‍ ദീര്‍ഘകാല പദ്ധതികളായതിനാല്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് പല തരത്തിലുള്ള പഠനങ്ങളും വേണ്ടിവരുമെന്നും ധനകാര്യമന്ത്രി പറഞ്ഞു.