വിദ്വേഷ പ്രസംഗത്തിലൂടെ അരങ്ങിലെത്തിയ ‘സാധ്വി’

Posted on: December 3, 2014 3:00 am | Last updated: December 3, 2014 at 12:03 am

sadhvi_niranjan_jyotiന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം റാലിയെ അഭിമുഖീകരിച്ച് നടത്തിയ വിദ്വേഷ പ്രസംഗം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സാധ്വി നിരഞ്ജന്‍ ജ്യോതിയെന്ന കേന്ദ്ര സഹമന്ത്രിയെ മാലോകരറിയുന്നത്. യു പിയിലെ ഫത്തേപൂരില്‍ നിന്ന് കന്നിമത്സരത്തില്‍ ലോക്‌സഭയിലെത്തിയത് വാര്‍ത്തയായതിന് ശേഷം കഴിഞ്ഞ മാസത്തെ മന്ത്രിസഭയില്‍ ചേര്‍ന്നതോടെയാണ് മാധ്യമങ്ങളില്‍ സാധ്വിയുടെ പ്രതിനിധാനമുണ്ടായത്.
നേരത്തെ സമാജ്‌വാദി പാര്‍ട്ടിക്കാര്‍ തന്നെ കൈയേറ്റം ചെയ്‌തെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും അവര്‍ ആരോപിച്ചിരുന്നു. പൗരാണിക കഥകള്‍ ഉള്‍പ്പെടുത്തി മതപ്രഭാഷണം നടത്തുന്നതില്‍ പ്രശസ്തയായ സാധ്വിയുടെ പാര്‍ലിമെന്റില്‍ പ്രൊഫൈലില്‍ ഉള്ളത് സാമൂഹികപ്രവര്‍ത്തകയെന്നാണ്. ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത അവര്‍ ബി ജെ പിയുടെ സംസ്ഥാന ഘടകത്തിലും വി എച്ച് പിയിലും വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2012ല്‍ യു പി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. യു പിയിലെ പിന്നാക്കവിഭാഗക്കാരിലേക്കും ദളിതരിലേക്കുമുള്ള പ്രധാന വഴിയായിട്ടാണ് സാധ്വിയുടെ വിജയത്തെ ബി ജെ പി കാണുന്നത്. സംസ്ഥാനത്തെ പ്രധാന വോട്ട് ബേങ്കായ ബോട്ട് തൊഴിലാളികളുടെ സമുദായത്തിലാണ് സാധ്വി ജ്യോതി ഉള്‍പ്പെടുന്നത്. ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസിന്റെ ചുമതലയാണ് മന്ത്രിസഭയില്‍ അവര്‍ക്ക് ലഭിച്ചത്. പുതിയ മന്ത്രിസഭാ വികസനത്തില്‍ ഉള്‍പ്പെട്ട ഏകവനിതയുമാണ്. ഇന്റര്‍മീഡിയേറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത.