Connect with us

Kerala

സ്‌കൂള്‍ കലോത്സവങ്ങളിലെ പണപ്പിരിവ് അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവങ്ങളിലെ പണപ്പിരിവ് അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. കലോത്സവങ്ങളുടെ ഭാഗമായി അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും വന്‍ തുകയാണ് പലഘട്ടങ്ങളായി പിരിച്ചെടുക്കുന്നതെന്നും ഈ തുക വിനിയോഗിക്കുന്നതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും ആരോപിച്ച് അമരവിള എല്‍ എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ റോയി ബി ജോണ്‍, അഡ്വ. ഹരി എസ് നായര്‍ മുഖേന നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് വേണ്ടി ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്ന് 30 രൂപ മുതല്‍ 100 വരെയാണ് പിരിക്കുന്നത്. അധ്യാപകരില്‍ നിന്നും ജീവനക്കാരില്‍നിന്നുമായി 175 രൂപ വീതവും പിരിച്ചെടുക്കുന്നുണ്ട്. പ്രധാനാധ്യാപകരെ എ ഇ ഒമാര്‍ നിര്‍ബന്ധിച്ച് പണപ്പിരിവ് നടത്തിക്കുകയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. ഹരജി പരിഗണിച്ച കോടതി എ ഡി ജി പി. ബി സന്ധ്യയോട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിന് ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം ഉണ്ടാക്കി അന്വേഷണം നടത്താന്‍ ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ കെ ദിനേശന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബഞ്ചാണ് ഉത്തരവിട്ടത്.