ചര്‍ച്ചിലെ തീവെപ്പ്: അന്വേഷണം ഊര്‍ജിതമാക്കി

Posted on: December 2, 2014 11:03 pm | Last updated: December 3, 2014 at 12:04 am

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ ചര്‍ച്ച് തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഡല്‍ഹിയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളികളിലൊന്നായ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കത്തി നശിച്ചത്. ആസൂത്രിതമായ ആക്രമണമാണ് പള്ളിക്കെതിരെ നടന്നതെന്ന് ചൂണ്ടിക്കാട്ടിയ അധികൃതര്‍, അക്രമികളെ പിടികൂടുന്നതില്‍ പോലീസ് നിഷ്‌ക്രിയത്വം വെടിയണമെന്നും ആവശ്യപ്പെട്ടു. പള്ളിപ്പരിസരത്ത് രൂക്ഷമായ മണ്ണെണ്ണ മണം ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.
കേസില്‍ പോലീസ് ഉദാസീനത കാട്ടിയെന്നാരോപിച്ച് ക്രിസ്ത്യന്‍ സംഘടനാ പ്രവര്‍ത്തകര്‍ ഡല്‍ഹി പോലീസ് ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധിച്ചു. പോലീസ് തക്കതായ നടപടികളൊന്നും കൈകൊണ്ടില്ലെന്നും നിയമപരമായ അന്വേഷണം വേണമെന്നും ഡല്‍ഹി കത്തോലിക്ക സഭയുടെ മാധ്യമ വക്താവ് ഫാദര്‍ സ്റ്റാന്‍ലി കൊഴിച്ചിറ പറഞ്ഞു. പ്രതിഷേധക്കാര്‍ ഗതാഗത തടസ്സം സൃഷ്ടിക്കുകയും പോലീസ് ആസ്ഥാനത്തേക്ക് തള്ളികയറാന്‍ ശ്രമിക്കുകയും ചെയ്തു.
ഇത് ബോധപൂര്‍വമായ ആക്രമണമാണ്. ആരാണ് ചെയ്തതെന്ന് അറിയില്ല. പക്ഷേ ആസൂത്രിതമാണെന്ന് ഉറപ്പിച്ച് പറയാനാകും- ഡല്‍ഹി കാത്തലിക്ക് സഭാ വക്താവ് സവാരി മുത്തു ശങ്കര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്ന നിഗമനം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കേസെടുത്തിട്ടുണ്ടെന്നും ചര്‍ച്ച് കാവല്‍ക്കാരനെ അടക്കം ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതിനിടെ, കേരളത്തില്‍ നിന്നുള്ള ഇടത് എം പിമാരായ പി കരുണാകരന്‍, ജോയ്‌സ് ജോര്‍ജ്, ഇന്നസെന്റ് തുടങ്ങിയവര്‍ തിങ്കളാഴ്ച തന്നെ ചര്‍ച്ച് സന്ദര്‍ശിച്ചിരുന്നു. വിഷയം പി കരുണാകരന്‍ സഭയില്‍ ഉന്നയിക്കുകയും ചെയ്തു.