മറാഠാ മുഷ്‌കിനെ അതിജീവിച്ച ‘മുംബൈയുടെ ഹാറൂണ്‍ റശീദ്’

Posted on: December 2, 2014 6:59 pm | Last updated: December 3, 2014 at 12:00 am

Abdul Rehman Antulayമുംബൈ: ഉദാര നിലപാടുകളില്‍ നിന്ന് യാഥാസ്ഥിതിക നിലപാടിലേക്ക് സഞ്ചരിച്ച ന്യൂനപക്ഷ നേതാവെന്നാണ് ഇന്നലെ അന്തരിച്ച എ ആര്‍ ആന്തുലേയെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ എല്ലാ വിമര്‍ശങ്ങള്‍ക്കുമപ്പുറം മഹാരാഷ്ട്രയിലെ മറാഠ മുഷ്‌കുകള്‍ക്കിടയില്‍ നിന്ന് ഒരു മുസ്‌ലിം നേതാവ് ഉയര്‍ന്നു വരികയെന്ന ശ്രമകരമായ ദൗത്യത്തില്‍ വിജയം വരിച്ച നേതാവെന്നായിരിക്കും അദ്ദേഹത്തെ ചരിത്രം അടയാളപ്പെടുത്തുക.
2008ലെ മുംബൈ ആക്രമണത്തില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന ആന്തുലെയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മലേഗാവ് സ്‌ഫോടനവുമായി ബന്ധമുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആന്തുലെ ആവശ്യപ്പെട്ടിരുന്നു. ഹേമന്ദ് കര്‍ക്കരെയോട് ഹിന്ദുത്വവാദികള്‍ക്ക് കടുത്ത ശത്രുതയുണ്ടായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. ഭരണത്തിലിരുന്നപ്പോള്‍ അസാമാന്യ ധീരത പ്രകടിപ്പിച്ച ഈ നേതാവിന്റെ പ്രതിച്ഛായ ആരോപണങ്ങളില്‍ മുങ്ങുകയായിരുന്നു. വ്യാജ മദ്യ കേന്ദ്രങ്ങളില്‍ അര്‍ധരാത്രി നടത്തിയ റെയ്ഡിന് സ്വയം നേതൃത്വം നല്‍കുക പോലുള്ള സാഹസികതകള്‍ക്ക് അദ്ദേഹം മുതിര്‍ന്നു. അങ്ങനെയാണ് അനുയായികള്‍ അദ്ദേഹത്തെ മുംബൈയുടെ ഹാറൂണ്‍ റശീദ് എന്ന് വിളിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനാകുകയും പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാ ഗാന്ധിക്കൊപ്പമായിരുന്നു ആന്തുലെ. പിന്നീട് കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത് എം എല്‍ എ, എം പി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2009ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ശിവസേന സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. ഇതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.