Connect with us

Kerala

21 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് 21 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹോട്ടല്‍ ഉടമകള്‍ സമര്‍പ്പിച്ചിട്ടുള്ള ലൈസന്‍സ് അപേക്ഷകള്‍ പരിശോധിച്ച് രണ്ട് മാസത്തിനകം ഉത്തരവ് പുറപ്പെടുവിക്കാനാണ് ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് കോടതി നടപടി.
സിംഗിള്‍ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഡിവിഷന്‍ ബഞ്ച് നേരത്തെ നിരസിച്ചിരുന്നു. സിംഗിള്‍ ബഞ്ച് വിധി ഉണ്ടായിട്ടും ബാര്‍ ലൈസന്‍സ് അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് ഉടമകള്‍ കോടതിയെ സമീപിച്ചത്. നിലവാരമുയര്‍ത്തി ഫോര്‍ സ്റ്റാര്‍ ആക്കിയവയും പുതിയ ഹോട്ടലുകളുമാണ് ഹരജി നല്‍കിയത്. നിലവില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ഉള്ള ഹോട്ടലുകളും കോടതിയെ സമീപിച്ച ഹരജിക്കാരില്‍ ഉള്‍പ്പെടും.
തദ്ദേശ സ്ഥാപനങ്ങളുടെ എന്‍ ഒ സി അടക്കമുണ്ടായിട്ടും ലൈസന്‍സ് അപേക്ഷകള്‍ പരിഗണിക്കുന്നില്ലെന്നും പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികള്‍. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലാണെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

Latest