നാളെ മുതല്‍ റോഡ് സുരക്ഷാ ക്യാമ്പയിന്‍

Posted on: December 2, 2014 11:28 am | Last updated: December 2, 2014 at 11:28 am

കോഴിക്കോട്: ദേശീയ പാത 212 ല്‍ താമരശ്ശേരി മുതല്‍ ലക്കിടി വരെ അപകടമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നാളെ മുതല്‍ റോഡ് സുരക്ഷാ ക്യാമ്പയിന് തുടക്കം കുറിക്കുന്നതായി ലോറി ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈങ്ങാപ്പുഴയില്‍ കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ രാജീവ് പുത്തലത്ത് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ ഹംസ അധ്യക്ഷത വഹിക്കും. മെയ് 31 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ കാടുമൂടിയിരിക്കുന്ന ഫൂട്പാത്തുകള്‍ വൃത്തിയാക്കുക, ഗതാഗതതടസ്സമുണ്ടാക്കുന്ന വൈദ്യുതിക്കാലുകള്‍ മാറ്റി സ്ഥാപിക്കുക തുടങ്ങിയ കര്‍മപദ്ധതികള്‍ക്കാണ് പ്രധാന്യം നല്‍കുന്നത്. താമരശ്ശേരി താലൂക്ക് ലോറി ഓണേഴ്‌സ് അസോസിയേഷനും കൊടുവള്ളി സബ് ആര്‍ ടി ഓഫീസും താമരശ്ശേരി പോലീസും ഈങ്ങാപ്പുഴ എം ജി എം സ്‌കൂള്‍ ട്രാഫിക് ക്ലബ്ബും ഡ്രൈവേഴ്‌സ് യൂനിയന്‍ ഈങ്ങാപ്പുഴയും സംയുക്തമായാണ് ആറ് മാസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ കെ ഹംസ, സ്വാഗതസംഘം ചെയര്‍മാന്‍ വി കെ മൊയ്തു മുട്ടായി, ടി കെ സുഹൈല്‍, എം കെ സഫീര്‍ പങ്കെടുത്തു.