Connect with us

Wayanad

ചെന്നലോട് ആസ്യ വധം: കുറ്റവിചാരണ തുടങ്ങി

Published

|

Last Updated

കല്‍പ്പറ്റ: നാടിനെ നടുക്കിയ ചെന്നലോട് മൊക്കത്ത് ആസ്യ വധത്തിന്റെ കുറ്റവിചാരണ കല്‍പ്പറ്റ കോടതിയില്‍ ആരംഭിച്ചു. 2007 ഫെബ്രുവരി ഏഴിനാണ് കൊലപാതകം നടന്നത്.
തൊഴുത്തിനോട് ചേര്‍ന്ന് ടാര്‍പായ വലിച്ചു കെട്ടി നിര്‍മ്മിച്ച കൂരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന തന്റെ ഏക മകനോടൊപ്പം കിടന്നുറങ്ങിയ ആസ്യയെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പോലിസിന്റെ തന്ത്രപരമായ അന്വേഷണവും നാട്ടുകാരുടെ സഹകരണവും കൊണ്ടാണ് പ്രതികളായ ഇബ്രാഹീം, മുസ്തഫ എന്നിവരെ വലയില്‍ വീഴ്ത്താന്‍ കഴിഞ്ഞത്. കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പരിസരത്തെ ഒരു കുളത്തില്‍ നിന്നും അപഹരിച്ച സ്വര്‍ണാഭരണം കല്‍പ്പറ്റയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. അന്തിയുറങ്ങാന്‍ ഒരു കൂരപോലുമില്ലാഞ്ഞിട്ടും ആരെയും ബുദ്ധിമുട്ടിക്കാതെ പശുവിനെ വളര്‍ത്തി തന്റെയും മകന്റെയും നിത്യചിലവിന് വഴി കണ്ടെത്തിയിരുന്ന ആസ്യയുടെ അന്തിയുറക്കവും പശുവിനോടൊപ്പം തൊഴുത്തിലായിരുന്നു.
തന്റെ അധ്വാനം കൊണ്ട് മാത്രം സമ്പാദിച്ച ചെറിയൊരു സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യുന്നതിനായി ഈ പാവം സ്ത്രീയെ സമീപവാസികള്‍ തന്നെ ക്രൂരമായി കൊലചെയ്തത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയും പ്രതികളെ പിടികൂടാനുള്ള പ്രാര്‍ഥന സഫലമാവുകയും ചെയ്‌തെങ്കിലും തീര്‍ത്തും അനാഥനായ മകന്‍ ഷാഫി ഏവരുടെയും സഹതാപം പിടിച്ചു പറ്റിയിരുന്നു. കൊലപാതക വാര്‍ത്ത പുറത്തു വന്നതോടെയാണ് ആസ്യയുടെ ജീവിത കഥയും ലോകമറിയുന്നത്.
കൊല നടന്ന് എട്ടു വര്‍ഷത്തിനു ശേഷം വിചാരണ ആരംഭിച്ച ഈ കേസില്‍ 62ഓളം സാക്ഷികളാണുള്ളത്. കൊടുപാതകം നടത്തിയ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്‍ വിധിക്കു വേണ്ടി കാത്തിരിക്കുകയാണ് നാട്ടുകാര്‍.