Connect with us

Malappuram

ജൈവ കൃഷിയുടെ പുത്തനറിവുമായി മദ്‌റസ മുറ്റങ്ങളില്‍ കുട്ടിത്തോട്ടങ്ങളൊരുങ്ങുന്നു

Published

|

Last Updated

കോട്ടക്കല്‍: കുഞ്ഞു മനസ്സുകളില്‍ വിശ്വാസ ആചാര കരുത്തിനൊപ്പം ഇനി കൃഷിയുടെ നാമ്പുകളും തളിര്‍ക്കും. മത പഠനത്തിന്റെ പ്രകാശത്തിനൊപ്പം മദ്‌റസ മുറ്റങ്ങളിലും ജൈവകൃഷിയുടെ നൂറുമേനി വിളയിക്കാന്‍ കുട്ടിത്തോട്ടങ്ങളൊരുക്കുകയാണ് എസ് ജെ എം. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് കുട്ടിത്തോട്ടം പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന തല ഉദ്ഘാടനത്തോടെ ആരംഭം കുറിച്ച പദ്ധതി വിവിധ മദ്‌റസകളില്‍ ആരംഭിച്ചു. കാര്‍ഷിക വൃത്തിയോട് പുതു തലമുറ മുഖം തിരിക്കാതിരിക്കാനും വിഷമയമായ പച്ചക്കറികളെ മാറ്റി നിര്‍ത്താനും ലക്ഷ്യമിട്ടാണ് പദ്ധതി. മദ്‌റസ മുറ്റത്തെ ഉപയോഗപ്പെടുത്തി കുട്ടികളെ കാര്‍ഷിക വൃത്തിയിലേക്കും അത് വഴി മഹത്തായ സംസ്‌കാരത്തിലേക്കും തിരിച്ചു വിടുകയാണ് കുട്ടിത്തോട്ടം പദ്ധതി. കൃഷി വകുപ്പിലെ അധികാരികളെ ഉപയോഗപ്പെടുത്തി ക്ലാസുകള്‍ നല്‍കിയും വിത്തുകള്‍ ലഭ്യമാക്കിയുമാണ് മദ്‌റസകളില്‍ കുട്ടിത്തോട്ടം ഒരുക്കുന്നത്. പരിമിതമായ ഇടങ്ങളില്‍ പോലും തുടങ്ങാവുന്ന ചീര, വെണ്ട, ചിരങ്ങ, മുളക് എന്നിവയാണ് കുട്ടികള്‍ നട്ടുപിടിപ്പിക്കുക. ഇതോടൊപ്പം വീടുകളില്‍ അടുക്കളത്തോട്ടം ഒരുക്കുന്നതിനും പ്രോത്സാഹനം നല്‍കും. എസ് വൈ എസ് 60- ാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ജനകീയ കൃഷി പദ്ധതിക്ക് പുറമെയാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റകളില്‍ കുട്ടിത്തോട്ടം പദ്ധതി. പറപ്പൂര്‍ ആലച്ചുള്ളി മദ്‌റസതു മആരിഫി സുന്നിയ്യയില്‍ നടന്ന കുട്ടിത്തോട്ടം പദ്ധതി പറപ്പൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ എം അബ്ദുര്‍റസാഖ് ഉദ്ഘാടനം ചെയ്തു. തെന്നല പഞ്ചായത്ത് അസി. കൃഷി ഓഫീസര്‍ രാധാകൃഷ്ണ പിള്ള ക്ലാസെടുത്തു. അബ്ദുസമദ് അഹ്‌സനി അധ്യക്ഷത വഹിച്ചു.

Latest