എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു

Posted on: December 2, 2014 9:06 am | Last updated: December 2, 2014 at 9:06 am

കോഴിക്കോട്: ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. എയ്ഡ്‌സ് മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടിയും പ്രതിരോധമാര്‍ഗങ്ങളെ കുറിച്ച് വിവരിച്ചും സര്‍ക്കാര്‍തലത്തിലും വിവിധ എന്‍ ജി ഒകളുടെ നേതൃത്വത്തിലും വിദ്യാര്‍ഥികളുടെ നേതൃത്വത്തിലും ബോധവത്കരണം നടന്നു. കല്ലായി എ ഡബ്ല്യൂ എച്ച് കോളജ് നഗരത്തില്‍ തെരുവ് നാടകം അവതരിപ്പിച്ചു.
മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മാനാഞ്ചിറ ബി ഇ എം സ്‌കൂള്‍ മുതല്‍ ഗവ. നഴ്‌സിംഗ് സ്‌കൂള്‍ വരെ റാലി നടത്തി. ചെറുവണ്ണൂര്‍ സി ഐ. കെ എസ് ഷാജി റാലി ഫഌഗ് ഓഫ് ചെയ്തു. ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഗവ. നഴ്‌സിംഗ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ പി ഷീബ, ഡോ. എ ബാബുരാജ്, രാഗി രവി, കെ ശശിധരന്‍, മറിയക്കുട്ടി, അശോകന്‍ ആലപ്പുറത്ത്, സാദിഖ് കോട്ടക്കല്‍, സി ആര്‍ സുജ പ്രസംഗിച്ചു. രാജീവ് മേമുണ്ടയും സംഘവും എയ്ഡ്‌സ് ബോധവത്കരണ മാജിക്ക് ഷോ അവതരിപ്പിച്ചു.
കഴിഞ്ഞ 28ന് ഗവ. നഴ്‌സിംഗ് സ്‌കൂളില്‍ നടത്തിയ എയ്ഡ്‌സ ബോധവത്കരണ സ്‌കിറ്റ് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് നഗരസഭാ കൗണ്‍സിലര്‍ ജീന്‍ മോസസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. താമരശ്ശേരി ലിസ കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുതിയ സ്റ്റാന്‍ഡ്, പാളയം, ബീച്ച് എന്നിവിടങ്ങളില്‍ ഫഌഷ് മോബ് സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വൈകിട്ട് എസ് കെ പൊറ്റെക്കാട് പ്രതിമക്കരികില്‍ മെഴുകുതിരി കത്തിച്ചു.