‘യു ടേണ്‍ സര്‍ക്കാര്‍’ ലഘുലേഖയുമായി കോണ്‍ഗ്രസ്

Posted on: December 2, 2014 4:28 am | Last updated: December 1, 2014 at 11:29 pm

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ മൂര്‍ച്ചയുള്ള ആയുധമായി കോണ്‍ഗ്രസിന്റെ ലഘുലേഖ. ബി ജെ പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ് അതിലുള്ളത്. 180 ദിവസത്തെ ഭരണത്തിനിടെ 25 വാഗ്ദാനങ്ങളില്‍ മോദി സര്‍ക്കാര്‍ മലക്കം മറിഞ്ഞിട്ടുണ്ടെന്നാണ് ലഘുലേഖ വ്യക്തമാക്കുന്നത്. ഇത് ‘യു ടേണ്‍ സര്‍ക്കാര്‍’ ആണെന്ന് ലഘുലേഖ പുറത്തിറക്കിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ മൂന്ന് മലക്കം മറിച്ചിലുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടിണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ഇന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. നേതാജി എവിടെ വെച്ച്, എങ്ങനെ മരിച്ചുവെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഈയിടെ ഇത് സംബന്ധിച്ച് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി അത്തരം വിവരങ്ങള്‍ പുറത്ത് വിടാന്‍ ആകില്ലെന്നാണ്. ഇപ്പോള്‍ എന്ത് സംഭവിച്ചുവെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നതെന്ന് മാക്കന്‍ പറഞ്ഞു.
അസമില്‍ ബംഗ്ലാദേശുമായുള്ള ഭൂമി കൈമാറ്റ വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചവരാണ് ബി ജെ പിക്കാര്‍. ഇന്ന് അതേ നയം മോദി സര്‍ക്കാര്‍ പിന്തുടരുന്നു. ആറ് മാസം കൊണ്ട് എങ്ങനെയാണ് ബി ജെ പിയുടെ നീതിബോധം ഇങ്ങനെ മാറിയത്? ബംഗ്ലാദേശ് പ്രശ്‌നത്തെ തിരഞ്ഞെടുപ്പ് വിഷയമാക്കുകയായിരുന്നു ബി ജെ പിയെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. സിവില്‍ ആണവ ബാധ്യതാ ബില്‍ സംബന്ധിച്ച മലക്കം മറിച്ചിലാണ് മറ്റൊന്ന്. കള്ളപ്പണ വിഷയത്തില്‍ പ്രധാനമന്ത്രി നടത്തിയ വാഗ്ദാനം രാജ്യം മറന്നിട്ടില്ല. അധികാരത്തില്‍ എത്തി 100 ദിവസത്തിനകം വിദേശത്തുള്ള കള്ളപ്പണം മുഴുവന്‍ രാജ്യത്തെത്തിക്കുമെന്നും അതുവഴി ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം വന്നു ചെരുമെന്നുമായിരുന്നു മോദി പ്രസംഗിച്ചത്. അക്കൗണ്ടില്‍ 15 ലക്ഷം വരുന്ന കാലം കാത്തിരിക്കുകയാണെന്ന് മാക്കന്‍ പരിഹസിച്ചു.