ദേശീയ തലത്തിലും എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞു

Posted on: December 2, 2014 4:27 am | Last updated: December 1, 2014 at 11:28 pm

AIDSന്യൂഡല്‍ഹി: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എയ്ഡ്‌സ് രോഗികളുടെ എണ്ണം 57 ശതമാനവും ഇതുമായി ബന്ധപ്പെട്ട മരണം 25 ശതമാനവും കുറഞ്ഞതായി റിപ്പോര്‍ട്ട്. ബോധവത്കരണം ഊര്‍ജിതപ്പെടുത്തിയും പ്രതിരോധ മാര്‍ഗങ്ങള്‍ വിപുലീകരിച്ചും എച്ച് ഐ വി അണുബാധയും മരണവും തീരെയില്ലാതാക്കുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ജനപങ്കാളിത്തം അനിവാര്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളി വിജയകരമായി നേരിടാന്‍ സര്‍ക്കാറുകള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ മാത്രം സാധ്യമല്ലെന്നും ലോക എയ്ഡ്‌സ് ദിനത്തില്‍ മന്ത്രി പറഞ്ഞു.
എയ്ഡ്‌സ് രോഗികള്‍ക്കായി 1097 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറും സംവിധാനിച്ചു. ശക്തമായ പ്രവര്‍ത്തനത്തിലൂടെ എച്ച് ഐ വി അണുവ്യാപനത്തെ ഒഴിവാക്കേണ്ടതുണ്ട്. എച്ച് ഐ വി ബാധിതരോട് വിവേചനത്തോടെ പെരുമാറരുത്. ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. ചെറുത്തുനില്‍പ്പും മുന്‍കരുതലും അത്യന്താപേക്ഷിതമാണ്. ജീവിത ശൈലിയെ പരിഗണിക്കേണ്ട കാലമാണിത്. ആന്റിബയോട്ടിക്കുകള്‍ എല്ലാം സുഖപ്പെടുത്തുമെന്ന ബോധം ശക്തമായ കാലത്ത് പ്രതിരോധ ആരോഗ്യ സംരക്ഷണം അനിവാര്യമാണ്. പ്രതിരോധ മേഖലയില്‍ ശക്തമായ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം എയ്ഡ്‌സ് രോഗികളോട് വിവേചനമുണ്ടാകാതിരിക്കാന്‍ ശ്രദ്ധ ചെലുത്തണം. എയ്ഡ്‌സിനെ ഇല്ലാതാക്കാന്‍ കേന്ദ്ര മന്ത്രാലയങ്ങളുമായി 11 കരാറുകള്‍ ആരോഗ്യ മന്ത്രാലയം ഒപ്പിട്ടുണ്ട്. ഇത് 28 മന്ത്രാലയങ്ങളിലേക്ക് വ്യാപിപ്പിക്കും. മന്ത്രി അറിയിച്ചു.
1986ലാണ് രാജ്യത്ത് ആദ്യമായി എച്ച് ഐ വി പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. 21 ലക്ഷം എയ്ഡ്‌സ് രോഗികളുണ്ട് ഇന്ത്യയില്‍. ലോകതലത്തില്‍ മൂന്നാം സ്ഥാനമാണിത്. എന്നാല്‍ 2007 മുതല്‍ എച്ച് ഐ വി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 30 ശതമാനമായി കുറഞ്ഞു.