Connect with us

National

വിദര്‍ഭയില്‍ കഴിഞ്ഞ മാസം മാത്രം 120 കര്‍ഷക ആത്മഹത്യകള്‍

Published

|

Last Updated

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ വിദര്‍ഭ, മറാത്തവാഡ മേഖലയില്‍ നവംബറില്‍ മാത്രം ആത്മഹത്യ ചെയ്തത് 120 പേരെന്ന് സന്നദ്ധ സംഘടനകള്‍. കടുത്ത വരള്‍ച്ചയില്‍ വന്‍ കൃഷിനാശം ഉണ്ടായ മേഖലയില്‍ കടക്കെണിയില്‍ അകപ്പെട്ട കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വിദര്‍ഭ ജന്‍ ആന്തോളന്‍ സമിതി പ്രസിഡന്റ് കിശോര്‍ തിവാരി പറഞ്ഞു. മറാത്തവാഡയില്‍ 65 പേരും വിദര്‍ഭയില്‍ 55 പേരുമാണ് ജീവനൊടുക്കിയത്.
മുമ്പും ഇവിടെ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അത് റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക പ്രതിസന്ധി അങ്ങേയറ്റം രൂക്ഷമാണ്. ദിനംപ്രതി നാല് പേര്‍ ഇവിടെ സ്വയം ജീവനെടുക്കുന്നുണ്ട്. ജന്‍ ആന്തോളന്‍ സമിതി പ്രതിനിധി സംഘം ഇന്ന് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ശ്രമിക്കും. സംസ്ഥാനത്തെ കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
പരുത്തി, സോയാബീന്‍ കര്‍ഷകരാണ് ഏറ്റവും വലിയ വിളനാശം നേരിടുന്നത്. മറ്റ് നാണ്യ വിളകളില്‍ പണവും അധ്വാനവും മുടക്കിയവരും വന്‍ നഷ്ടത്തിലാണ്. വരള്‍ച്ച ഇവരുടെ ജീവിതത്തെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തിരിഞ്ഞു നോക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അവര്‍ കടുംകൈ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. 60,000 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്കാക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് വെറും നാലായിരം കോടിയാണ്. ഇത് എവിടെയെത്താനാണ്? – മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ വാക്കുകള്‍ ഉദ്ധരിച്ച് തിവാരി ചോദിക്കുന്നു. വിളനാശത്തിനും വരള്‍ച്ചാ ദുരിതാശ്വാസത്തിനും കടാശ്വസത്തിനും 20,000 കോടി വീതം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് ആന്തോളന്‍ സമിതി സെക്രട്ടറി മോഹന്‍ യാദവ് പറഞ്ഞു.