ഫഌറ്റുകള്‍ വാടകക്കെടുത്ത് വൈദ്യുതി വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിച്ചവരെ പിടികൂടി

Posted on: December 2, 2014 3:21 am | Last updated: December 1, 2014 at 11:21 pm

കൊച്ചി: ഫഌറ്റുകള്‍ വാടകക്ക് എടുത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിച്ചവര്‍ കെ എസ് ഇ ബി ആന്റീ പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ കുടുങ്ങി.
ഗിരിനഗറിലുള്ള കൈപ്പിള്ളി അപാര്‍ട്ട്‌മെന്റ്‌സ്, തൃക്കാക്കരയിലെ ഹോയ്‌സാല അപ്പാര്‍ട്ട്‌മെന്റ്‌സ് എന്നിവയിലാണ് ഗാര്‍ഹികാവശ്യത്തിന് നല്‍കുന്ന വൈദ്യുതി വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ കൃത്രിമം നടത്തിയതായി കണ്ടെത്തിയത്.
കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്തിട്ടുള്ള കമ്പനിയാണ് അവരുടെ മാനേജര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അതിഥികള്‍ക്കും താമസിക്കുന്നതിന് ഫഌറ്റുകള്‍ വാടകക്കെടുത്തത്.
രണ്ട് വര്‍ഷമായി ഈ ഫഌറ്റുകള്‍ ഹോട്ടല്‍ പോലെ പ്രവര്‍ത്തിച്ചു വരികയാണ്. രണ്ട് അപാര്‍ട്ട്‌മെന്റുകളിലെ 15 ഫഌറ്റുകള്‍ക്ക് പ്രത്യേകം പ്രത്യേകം വൈദ്യുതി കണക്ഷനാണുള്ളത്. വാണിജ്യാടിസ്ഥാനത്തില്‍ വാടകക്ക് നല്‍കിയതോടെ ഗാര്‍ഹിക കണക്ഷനുള്ള താരിഫിന് ഫഌറ്റുകള്‍ക്ക് അര്‍ഹതയില്ലാതായെന്നും വാണിജ്യാവശ്യത്തിനു വൈദ്യുതി ഉപയോഗിക്കുന്നതിന് നല്‍കേണ്ട താരിഫാണ് ഇവര്‍ക്ക് ബാധകമാകുകയെന്നും റെയ്ഡിന് നേതൃത്വം നല്‍കിയ ആന്റി പവര്‍ തെഫ്റ്റ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിന്‍സെന്റ് എബ്രഹാം പറഞ്ഞു.
വാണിജ്യാവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്ക് ഗാര്‍ഹികാവശ്യത്തിനുള്ള നിരക്കിന്റെ ഇരട്ടിയാണ്. യൂനിറ്റിന് അഞ്ച് രൂപയില്‍ താഴെയാണ് ഗാര്‍ഹിക ഉപഭോഗത്തിനുള്ള നിരക്കെങ്കില്‍ വാണിജ്യാവശ്യത്തിന് നല്‍കുന്ന വൈദ്യുതിക്ക് യൂനിറ്റിന് പത്ത് രൂപയോളം നല്‍കണം. ഉപയോഗം കൂടുന്നതിനനുസരിച്ച് നിരക്കില്‍ വര്‍ധനയുണ്ടാകും. ശരാശരി പത്ത് കിലോവാട്ടിന് 1, 200 രൂപ ഫിക്‌സഡ് ചാര്‍ജായി അധികം നല്‍കുകയും വേണം. രണ്ട് വര്‍ഷമായി 15 ഫഌറ്റിലുമായി 10 ലക്ഷത്തോളം രൂപയുടെ അധിക വൈദ്യുതി ഉപയോഗിച്ചതായാണ് വൈദ്യുതി ബോര്‍ഡ് കണക്കാക്കുന്നത്. രണ്ട് വര്‍ഷത്തെ പിഴ കൂടി കണക്കാക്കി ഇത്രയും തുകക്കുള്ള ബില്ലടക്കാന്‍ ഫഌറ്റ് ഉടമകള്‍ക്ക് ആന്റി തെഫ്റ്റ് വിഭാഗം ഉടന്‍ നോട്ടീസ് നല്‍കും.
ഫഌറ്റുകള്‍ വാടകക്കെടുത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും പോലെ പ്രവര്‍ത്തിപ്പിച്ച് നികുതിയിനത്തിലും വൈദ്യുതി നിരക്കിലും വന്‍തോതില്‍ വെട്ടിപ്പ് നടത്തുന്ന പ്രവണത വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് വിജിലന്‍സ് വിഭാഗം പറയുന്നു. വാങ്ങാന്‍ ആളില്ലാതെ കിടക്കുന്ന ഫഌറ്റുകളാണ് ഇത്തരത്തില്‍ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളുമായി പ്രവര്‍ത്തിക്കുന്നത്. വാടകക്കെടുക്കുന്ന ഫഌറ്റില്‍ സെന്‍ട്രല്‍ കിച്ചനടക്കം നക്ഷത്ര ഹോട്ടലിന്റെ സൗകര്യങ്ങള്‍ ഒരുക്കിയാണ് അതിഥികളെ താമസിപ്പിക്കുക. വമ്പന്‍ കമ്പനികള്‍ മുതല്‍ പെണ്‍വാണിഭ സംഘങ്ങള്‍ വരെ ഇത്തരത്തില്‍ ഫഌാറ്റുകള്‍ ഉപയോഗപ്പെടുത്തുന്നതായാണ് വിവരം. ഹോട്ടല്‍ വ്യവസായത്തിനും ഇത് ഭീഷണിയാണ്.
മറ്റ് പല അപാര്‍ട്ട്‌മെന്റുകളിലും ഫഌറ്റുകള്‍ ഇതര ആവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് പിടിക്കപ്പെട്ടാല്‍ ഫഌറ്റിലെ മുഴുവന്‍ വൈദ്യുതി ക്ണക്ഷനുകളും വാണിജ്യ കണക്ഷനുകളായി കണക്കാക്കി പിഴ ഈടാക്കുമെന്നും വിജിലന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും.