ടൈറ്റാനിയം അഴിമതിക്കേസിലും അഡ്ജസ്റ്റ്‌മെന്റെന്ന് ആരോപണം

Posted on: December 2, 2014 4:40 am | Last updated: December 1, 2014 at 11:15 pm

titaniumകണ്ണൂര്‍: ടൈറ്റാനിയം കേസില്‍ ഉമ്മന്‍ ചാണ്ടി അഴിമതി കാണിച്ചുവെന്ന് ആരോപിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട വി എസ് അച്യുതാനന്ദന്‍ പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ പ്രോസ്‌ക്യൂട്ട് ചെയ്യണമെന്ന് ടൈറ്റാനിയം അഴിമതി സംബന്ധിച്ച് പരാതി നല്‍കിയ കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയും ടൈറ്റാനിയം ജീവനക്കാരനുമായിരുന്ന സെബാസ്റ്റ്യന്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വി എസ് അഞ്ച് വര്‍ഷം ഭരിച്ചിട്ടും കേസില്‍ ഉമ്മന്‍ ചാണ്ടിയെ വിജിലന്‍സ് ചോദ്യം ചെയ്തില്ല. അറസ്റ്റ് ചെയ്തതുമില്ല. വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാനും തയ്യാറായില്ല. സി പി എം നേതാക്കളില്‍ എളമരം കരീം മാത്രമാണ് തെളിവ് നല്‍കിയതെങ്കിലും അദ്ദേഹം ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി നല്‍കിയതുമില്ല. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള പുകമറ സൃഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങളെന്നാണ് സംശയിക്കുന്നത്.
ടൈറ്റാനിയം അഴിമതിക്കേസില്‍ കേരളം കണ്ട ഏറ്റവും വലിയ അഡ്ജസ്റ്റ്‌മെന്റ് നടന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കമ്പനിയുടെ ഡയരക്ടര്‍ ബോര്‍ഡിലുണ്ടായിരുന്ന ഐ എ എസുകാരെ ചോദ്യം ചെയ്യാതിരുന്നതും ഈ അഡ്ജസ്റ്റുമെന്റുകളുടെ ഭാഗമായിരുന്നു. രാഷ്ട്രീയ-ട്രേഡ് യൂനിയന്‍ നേതാക്കള്‍, ബ്യൂറോക്രാറ്റുകള്‍, ടെക്‌നോക്രാറ്റുകള്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയവരൊക്കെ ഈ അഡ്ജസ്റ്റുമെന്റില്‍ പങ്കാളികളാണ്. കോടികളുടെ പൊതുമുതല്‍ സംരക്ഷിക്കാനും 1500 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ രക്ഷിക്കാനും വേണ്ടി 14 വര്‍ഷം മുമ്പ് കേസ് നല്‍കി നിരന്തരം പോരാടിയ തനിക്ക് നീതി നല്‍കാന്‍ സര്‍ക്കാരും കോടതിയും തയ്യാറാകുന്നില്ല.
200 കോടിയുടെ പൊതു മുതല്‍ തുലച്ച ടൈറ്റാനിയം അഴിമതിക്ക് കൂട്ടുനിന്നവരുടെ സ്വത്ത് കണ്ട്‌കെട്ടണമെന്നും സെബാസ്റ്റ്യന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ജുഡീഷ്യറിയും ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ഉള്‍പ്പെട്ടതാണ് ടൈറ്റാനിയം അഴിമതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജിലന്‍സ് കോടതിയില്‍ ടൈറ്റാനിയം കേസ് അട്ടിമറിക്കാന്‍ വന്‍ ഗൂഢാലോചനയാണ് നടന്നത്. കേസ് നടത്തിപ്പില്‍ തനിക്ക് ജോലിയും പണവും സമയവും നഷ്ടപ്പെട്ടെന്നല്ലാതെ കുറ്റവാളികള്‍ ശിക്ഷിക്കപെട്ടില്ലെന്ന് മാത്രമല്ല അവര്‍ക്ക് സര്‍ക്കാര്‍, ഉദ്യാഗസ്ഥ തലത്തില്‍ സംരക്ഷണം ലഭിക്കുകയാണുണ്ടായത്. പൊതു മുതല്‍ സംരക്ഷിക്കാന്‍ മുന്നോട്ട് വരുന്ന പൗരന്മാര്‍ക്ക് യാതൊരു നീതിയും ലഭിക്കില്ലന്നാണ് തന്റെ അനുഭവവും. അത് കൊണ്ട് തുടര്‍ന്ന് ഈ കേസുമായി മുന്നോട്ട് പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലന്നും അദ്ദേഹം അറിയിച്ചു. 2014 ആഗസ്റ്റ് 28ലെ വിജിലന്‍സ് കോടതി ഉത്തരവിട്ടത് തന്റെ വാദങ്ങള്‍ രേഖപ്പെടുത്താതെയായിരുന്നു. ജുഡീഷ്യറിക്ക് ഈ അഴിമതിയിലുള്ള പങ്ക് മൂടി വെക്കാനാണ് കോടതി ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ലോകായുക്തയിലും ഹൈക്കോടതിയിലും നടന്ന കേസുകളെ കുറിച്ച് മൗനം പാലിക്കുകയായിരുന്നു. ചാര്‍ജ്ജ് ഷീറ്റൊന്നും കോടതിയില്‍ വരാത്ത സാഹചര്യത്തില്‍ പ്രൊസിക്യൂഷന്റെ കാര്യത്തില്‍ അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തി അഴിമതിക്കാര്‍ക്ക് കേസ് അട്ടിമറിക്കാനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു കോടതി ചെയ്തതെന്നും ഇതെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
അഴിമതിക്കാരെ രക്ഷപ്പെടുത്താനായി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യാഗസ്ഥര്‍ക്കും വാദിച്ച അഭിഭാഷകര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകണം. അഴിമതിക്ക് കൂട്ടു നിന്ന ടി ബാലക്യഷ്ണനെ റിട്ടയര്‍മെന്റിന് ശേഷം ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചത് അഴിമതിയാണ് വ്യക്തമാക്കുന്നത്.