17 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള ഭക്ഷണ വിതരണം യു എന്‍ നിര്‍ത്തിവെച്ചു

Posted on: December 2, 2014 3:27 am | Last updated: December 1, 2014 at 10:27 pm

ജനീവ: 17ലക്ഷത്തോളം വരുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള ഭക്ഷണ വിതരണം ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രം(ഡബ്ല്യൂ എഫ് പി) നിര്‍ത്തിവെച്ചു. ഫണ്ടിന്റെ അഭാവമാണ് ഡബ്ല്യൂ എഫ് പിയെ ഇതിലേക്ക് നയിച്ചത്. ജോര്‍ദാന്‍, ലബനാന്‍, തുര്‍ക്കി, ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളുടെ ദുരിതം ഇതോടെ വര്‍ധിക്കുമെന്ന് ആശങ്കപ്പെടുന്നു.
ഡബ്ല്യൂ എഫ് പിയുടെ ഭക്ഷണമെത്തിയിട്ടില്ലെങ്കില്‍ നിരവധി കുടുംബങ്ങള്‍ പട്ടിണിയിലാകും. ഇപ്പോള്‍ തന്നെ കനത്ത തണുപ്പിനോട് പോരാടിയാണ് അഭയാര്‍ഥികള്‍ ജീവിക്കുന്നത്. ഇതിനിടയില്‍ ഭക്ഷണ വിതരണം അവസാനിപ്പിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ ദുരിതപൂര്‍ണമാകും. 64 മില്യണ്‍ ഡോളറിന്റെ സഹായം ഇപ്പോള്‍ ആവശ്യമാണെന്നും ഡബ്ല്യൂ എഫ് പി ചൂണ്ടിക്കാട്ടി.
ഇത്തരമൊരു നടപടിയിലേക്ക് നീങ്ങേണ്ടി വരുമെന്ന് കഴിഞ്ഞ മാസം തന്നെ ഡബ്ല്യൂ എഫ് പി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ അവസ്ഥയാണ് തുടരുന്നതെങ്കില്‍ സമാനമായ നീക്കം അടുത്ത ജനുവരിയില്‍ സിറിയയിലേക്കും വ്യാപിപ്പിക്കേണ്ടി വരുമെന്നും ഡബ്ല്യൂ എഫ് പി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ തന്നെ നാലര ലക്ഷത്തോളം വരുന്ന സിറിയക്കാര്‍ക്കുള്ള ഭക്ഷണ വിതരണത്തിന്റെ അളവില്‍ ഡബ്ല്യൂ എഫ് പി കുറവ് വരുത്തിയിട്ടുണ്ട്.