Connect with us

Editorial

കരിമണലും സര്‍ക്കാറിന്റെ ഇരട്ടത്താപ്പും

Published

|

Last Updated

കരിമണല്‍ പ്രശ്‌നത്തില്‍ ജനങ്ങളെ നിരന്തരം കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധക്കെതിരെ സപ്രീം കോടതിയെ സമീപിക്കുമെന്ന സംസ്ഥാന വ്യവസായ വകുപ്പിന്റെ പ്രഖ്യാപനം. കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലക്കും അനുമതി നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിപ്രഖ്യാപനത്തെ ശരിവെക്കുന്നതായിരുന്നു വള്ളിയാഴ്ചത്തെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ആലുവ റയര്‍ എര്‍ത്ത്‌സ് ആന്റ് മിനറല്‍സ് അടക്കം 3 കമ്പനികളുടെ ഹരജിയില്‍ 2013 ഫെബ്രുവരി 21 നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധിയുണ്ടായത്. ആറുമാസത്തിനകം തീരുമാനമെടുക്കാനും കോടതി നിര്‍ദേശം നല്‍കി. അതുകഴിഞ്ഞു ഒന്നര വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുന്നത്. അപ്പീല്‍ സമര്‍പ്പണത്തിനുള്ള കാലതാമസമാണ് സര്‍ക്കാറിന്റെ ഹരജി തള്ളാനുണ്ടായ പ്രധാന കാരണം. അക്കൗണ്ട് ജനറലിന്റെ ഭാഗത്തു നിന്ന് സംഭവിച്ച ഗുരതരായ വീഴ്ചയാണിതെന്ന് ഭരണ കക്ഷി എം എല്‍ എ. ടി എന്‍ പ്രതാപന്‍ കുറ്റപ്പെടുത്തുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചതായി കെ പി സി സി പ്രസിഡന്റ് വി എം സുധീരനും സമ്മതിക്കുകയുണ്ടായി. അബദ്ധവശാല്‍ സംഭവിച്ച വീഴ്ചയല്ല ഇതെന്നും സര്‍ക്കാറിന് വേണ്ടി എ ജി നടത്തിയ മനഃപൂര്‍വമുള്ള വീഴ്ചയാണെന്നും ഉത്തരവാദപ്പെട്ടവരുടെ മുന്‍ നിലപാടുകളും പ്രഖ്യാപനങ്ങളും ബോധ്യപ്പെടുത്തുന്നുണ്ട്.
സ്വകാര്യ കമ്പനികള്‍ക്ക് കരിമണല്‍ ഖനനം അനുവദിക്കില്ലെന്നതാണ് സര്‍ക്കാറിന്റെ ഔദ്യോഗിക നയമെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം യു ഡി എഫിലെ പല ഉന്നതരുടെയും നിലപാട് ഇതിന് വിരുദ്ധമാണെന്ന് അവരുടെ പ്രസ്താവനകളില്‍ നിന്നു തന്നെ വ്യക്തമായതാണ്. കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയും ആകാമെന്നും പൊതുമേഖലയുടെ ശേഷി കഴിഞ്ഞുള്ള കരിമണല്‍ മൂല്യവര്‍ധനക്ക് സ്വകാര്യ നിക്ഷേപകരെ പിന്തുണക്കുമെന്നും 2013 ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതാണ്. കരിമണല്‍ ഖനനത്തിന് അനുമതി ലഭിക്കുന്നപക്ഷം ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയില്‍ 3500 കോടി മുതല്‍മുടക്കില്‍ ധാതുമണല്‍ സംസ്‌കരണത്തിന് മൂല്യവര്‍ധിത പഌന്റ് സ്ഥാപിക്കുമെന്ന് കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടെയില്‍സ് (സി എം ആര്‍ എല്‍) മാനേജിംഗ് ഡയറക്ടര്‍ എസ് എന്‍ ശശിധരന്‍ കര്‍ത്ത തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ പറഞ്ഞതിനുടനെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. ആവശ്യത്തിന് ഇല്‍മനൈറ്റ് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പിലാണ് നേരത്തെ സി എം ആര്‍ എല്‍ സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സി എം ആഅര്‍ എല്ലിന് കരിമണണ്‍ ഖനനസ്ഥിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു തൊഴിലാളി സംഘടനകളും രംഗത്തു വന്നിരുന്നു. മാത്രമല്ല 2013 ഫെബ്രുവരി 21 ലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്നും അന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തുകയുണ്ടായി. 1995ല്‍ വിദേശ പങ്കാളിത്തമുള്ള വെസ്മലിയന്‍ സാന്‍ഡ്‌സ് ഇന്ത്യ ലിമിറ്റഡ് കമ്പനിക്കും 2003 മെയ് 5നു ആറാട്ടുപുഴതൃത്തുന്നപ്പുഴ തീരത്ത് സ്വകാര്യ മേഖലക്ക് പ്രാമുഖ്യമുള്ള സംയുക്ത സംരഭത്തിനും ഖനനാനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതുമാണ്. ശക്തമായ ജനകീയ സമരം മൂലമാണ് അത് നടക്കാതെ പോയത്. ഈയൊരു സാഹചര്യത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്?
കരിമണലിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളായ കെ എം എം എല്ലിനെയും ഐ ആര്‍ ഇയെയും ക്ഷയിപ്പിക്കുന്നത് സ്വകാര്യ സംരഭകര്‍ക്ക് വേണ്ടിയാണെന്ന പരാതിയും ശക്തമാണ്. ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാനങ്ങളാണ് കെ എം എം എല്ലും ഐ ആര്‍ ഇ യും. ഇവയുടെ പ്രവര്‍ത്തനം ഇപ്പോള്‍ മന്ദഗതിയിലാണ്. സംസ്‌കരണത്തിന് ആവശ്യമായ ധാതുമണല്‍ ലഭിക്കാത്തതു കൊണ്ടാണിതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ ഐ ആര്‍ ഇയുടെ പ്രവര്‍ത്തനം ഒരുവര്‍ഷം നടത്താന്‍ ആവശ്യമായ ധാതുമണല്‍ അവിടെ സംഭരിച്ചിട്ടുണ്ടെന്നും സ്വകാര്യസ്ഥാപനങ്ങളെ സഹായിക്കാനുള്ള സ്ഥാപനത്തിലെ ഒരു വിഭാഗം ഉന്നതരുടെ കളിയാണ് ഇതിന് പിന്നിലെന്നുമാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. കെ എം എം എല്‍ ഉല്‍പാദന ശേഷി ഒരു ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുമെന്ന് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരും 60,000 മെട്രിക് ടണ്ണുമായി ഉയര്‍ത്താന്‍ തുടര്‍ന്നു വന്ന എല്‍ ഡി എഫ് സര്‍ക്കാറും തീരുമാനിച്ചിരുന്നെങ്കിലും രണ്ടും നടപ്പായില്ല. ഈ അവധാനതയും സ്വകാര്യ സംഭരകരെ സഹായിക്കാനാണെന്നാണ് പരാതി.
അമൂല്യമായ ഇല്‍മനേറ്റ് വന്‍തോതില്‍ അടങ്ങിയതാണ് കേരളത്തിന്റെ തീരങ്ങളില്‍ കണ്ടുവരുന്ന കരിമണല്‍. ഉന്നത രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥ പ്രമുഖരെയും സ്വാധീനിച്ചു നമ്മുട കരിമണലിന് വേണ്ടി സ്വകാര്യ സംരഭകര്‍ കരുനീക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും അതീവ ജാഗ്രതയോടെ ഖനനം ചെയ്യേണ്ട കരിമണല്‍ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലക്കും പരിസ്ഥിതിക്കും അത് കനത്ത നഷ്ടമുണ്ടാക്കും. ജനങ്ങളുടെ ശക്തമായ പ്രതികരണ ശേഷിക്കു മാത്രമേ, നാടിന്റെ താത്പര്യങ്ങളെ ബലി നല്‍കാന്‍ ഒരുമ്പെടുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ നീക്കങ്ങളെ ചെറുക്കാനാകൂ.