ശിഹാബ് തങ്ങളുടെ പേരില്‍ സി ഡി; അഞ്ചിന് പുറത്തിറങ്ങും

Posted on: December 1, 2014 8:25 pm | Last updated: December 1, 2014 at 8:25 pm

shihab thangalദുബൈ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള കവിതകളുടെ സംഗീതാവിഷ്‌കാരമായ സ്‌നേഹ നിലാവ്, തങ്ങളുടെ അഞ്ചാം ചരമ വാര്‍ഷികത്തില്‍ പുറത്തിറക്കുമെന്ന് ഗാന രചയിതാവും നിര്‍മാതാവുമായ യഹ്‌യ തളങ്കര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ച് കവിതകളുടെ വീഡിയോ സി ഡി യാണ് ഡിസംബര്‍ അഞ്ചിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ‘ഹരിത ചന്ദ്രിക’ പരിപാടിയില്‍ പത്മഭൂഷണ്‍ ഡോ. കെ ജെ യേശുദാസ് മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്യുന്നത്. ഇതില്‍ നിന്നുള്ള വരുമാനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശിക്കുന്ന കുടുംബത്തിനായി നിര്‍മിക്കുന്ന ബൈത്തുര്‍റഹ്മയിലേക്ക് നല്‍കും. വലിയ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ തങ്ങള്‍ മികച്ച സുഹൃദ്ബന്ധങ്ങള്‍ പ്രവാസ ലോകത്തും സുക്ഷിച്ചിരുന്നു. മികച്ചൊരു ഗാനാസ്വാദകന്‍ കൂടിയായിരുന്നു അദ്ദേഹം.
മന്ത്രിയും ഗായകനുമായ ഡോ. എം കെ മുനീര്‍, കണ്ണൂര്‍ ശരീഫ്, അഫ്‌സല്‍, രഹ്‌ന, റംഷീ അഹ്മദ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സംഗീതം കോഴിക്കോട് അബൂബക്കര്‍. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ പി ഷംസീര്‍ സംവിധാനം നിര്‍വഹിച്ചു. ഓര്‍ക്കസ്‌ട്രേഷന്‍ ശശി കൃഷ്ണ. തനിക്കേറെ ഇഷ്ടപ്പെട്ട ജനകീയ നേതാവായിരുന്നു തങ്ങളെന്നും അദ്ദേഹമായുള്ള അടുപ്പം തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും യഹ്‌യ തളങ്കര പറഞ്ഞു. അന്‍വര്‍ നഹ, റംഷി അഹ്മദ്, പി ശംസീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.