Connect with us

Gulf

വാഹനാപകടം: തിരുവനന്തപുരം സ്വദേശിക്ക് നാലു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

Published

|

Last Updated

അജ്മാന്‍: വാഹനാപകടത്തില്‍ സാരമായി പരുക്കു പറ്റിയ തിരുവനന്തപുരം ചെറുവൈക്കല്‍ സ്വദേശി സുരേഷ് കുമാറിന് നാല് ലക്ഷം ദിര്‍ഹം (ഏകദേശം അറുപത്തിനാല് ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ അജ്മാന്‍ കോടതി വിധി.
അജ്മാന്‍ ജറഫില്‍ വെച്ച് 2012 ജനുവരിയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശി മനോജ് മധുസൂധനന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ സിറിയന്‍ സ്വദേശി അഹ്മദ് സിദ്ദിഖിന്റെ വാഹനം ഇടിക്കുകയായിരുന്നു. ഉള്‍റോഡില്‍ നിന്നും മനോജ് ഓടിച്ചിരുന്ന വാഹനം മെയിന്‍ റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ അഹ്മദ് സിദ്ദിഖിന്റെ വാഹനം വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബംഗ്ലാദേശ് സ്വദേശി മുബാറക്ക് സിറാജ് മരണപ്പെടുകയും സുരേഷ് കുമാറിന് സാരമായി പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. അശ്രദ്ധയും അമിതവേഗതയുമാണ് അപകടകരണമെന്നായിരുന്നു കോടതിയുടെ കണ്ടത്തല്‍.
ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കേസ് നടത്തിപ്പിനായി അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നഷ്ടപരിഹാരത്തിനായി അജ്മാന്‍ കോടതിയില്‍ അല്‍ ഫുജൈറ ഇന്‍ഷ്വറന്‍സ് കമ്പനിയെ പ്രതിയാക്കി കേസ് ഫയല്‍ചെയ്തു. അശ്രദ്ധയും അമിതവേഗതയും ട്രാഫിക് നിയമങ്ങളുടെ ലംഘനവും മൂലമാണ് അപകടമുണ്ടായതെന്നും അതുകൊണ്ട് ഭീമമായ നഷ്ടപരിഹാര തുകക്കായി ഫയല്‍ ചെയ്ത കേസില്‍ ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും അതിനാല്‍ കേസ് തള്ളികളയണമെന്നും ഇന്‍ഷ്വറന്‍സ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അപകടത്തില്‍ സാരമായി പരുക്കേറ്റ സുരേഷ് കുമാറിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും സുരേഷ് കുമാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് അലി ഇബ്രാഹീം അല്‍ ഹമ്മാദി വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി 4,00,000 (നാല് ലക്ഷം) ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.