കടക്കകത്തെ ലിഫ്റ്റ് തകര്‍ന്ന് ബാലന്‍ മരിച്ചത് നടുക്കമായി

Posted on: December 1, 2014 8:00 pm | Last updated: December 1, 2014 at 8:16 pm

ഷാര്‍ജ: ഗോള്‍ഡ് സൂഖില്‍ ഒരു കടക്കകത്തെ ചുവരിനും ലിഫ്റ്റിനും ഇടയില്‍ കുടുങ്ങി അഞ്ചുവയസുകാരന്‍ മരിച്ചത് ഏവരിലും നടുക്കം സൃഷ്ടച്ചു. വെള്ളി വൈകുന്നേരം യമന്‍ പൗരനായ കടയുടമയുടെ മകനാണ് അപകടത്തില്‍ മരിച്ചത്. പുതിയ കട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ദുരന്തം. ലിഫ്റ്റ് തകര്‍ന്നതാണ് അപകടത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കുടുംബത്തോടൊപ്പം എത്തിയ അഞ്ചുവയസുകാരന്‍ ചുവരിനു ചാരിനില്‍ക്കുകയായിരുന്നു. പോലീസ് എത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു. ലൈസന്‍സില്ലാതെയാണ് ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്. ഉല്‍പന്നങ്ങള്‍ മുകള്‍ നിലയില്‍ എത്തിക്കാനുള്ളതാണിത്. അതേ സമയം, ഉപഭോക്താക്കള്‍ക്ക് കയറാനുള്ളതായിരുന്നില്ല.
ലിഫ്റ്റിനും ചുവരിനും ഇടയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ സിവില്‍ ഡിഫന്‍സ് എത്തി പുറത്തെടുക്കുകയായിരുന്നു.പുതിയ കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആഘോഷം മുറുകുമ്പോഴാണ് ദുരന്തം സംഭവിച്ചതെന്ന് യമന്‍ സ്വദേശി അഹ്മദ് അല്‍ സഹ്മാന്‍ പറഞ്ഞു. താങ്ങാനാകാത്ത ദുരന്തമായിപ്പോയെന്നും അഹ്മദ് പറഞ്ഞു.
വ്യാപാര സ്ഥാപനത്തിനകത്തെ ലിഫ്റ്റുകളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.