കാലിക്കറ്റ് സര്‍വകലാശാല വിദൂര വിഭാഗം ജില്ലാ കലോത്സവം; നിലമ്പൂര്‍ ക്ലാസിക് കോളജ് ചാമ്പ്യന്‍മാര്‍

Posted on: December 1, 2014 10:17 am | Last updated: December 1, 2014 at 10:17 am

വേങ്ങര: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിഭാഗം ജില്ലാ കലോത്സവത്തില്‍ 107 പോയിന്റ് നേടി ക്ലാസിക് കോളജ് നിലമ്പൂര്‍ ചാമ്പ്യന്‍മാരായി.

68 പോയിന്റ് നേടിയ പി ജി അക്കാഡമി എളപ്പാള്‍ രണ്ടും 61 പോയിന്റുമായി സ്‌കോളാര്‍ കോളജ് പൊന്നാനി മൂന്നും സ്ഥാനം നേടി. വേങ്ങര എസ് എം ഇ ജി കോളജില്‍ രണ്ട് ദിവസമായി നടന്ന മത്സരത്തില്‍ 500ഓളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 55 ഇനങ്ങളിലായിരുന്നു മത്സരം. വിജയികള്‍ക്ക് ഊരകം പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്‌ലു ട്രോഫികള്‍ നല്‍കി.
ഫെസ്റ്റിലുടനീളം സംഘാടനത്തില്‍ വന്‍ താളപ്പിഴവുകളായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മത്സരാര്‍ഥികള്‍ക്ക് ഭക്ഷണം പോലും ലഭ്യമാക്കാന്‍ സംഘാടക സമിതിക്കായില്ല. കുറഞ്ഞ സ്ഥലത്ത് അടുത്തടുത്തായി വേദികള്‍ ഒരുക്കിയത് മറ്റു വേദികളില്‍ നിന്നുള്ള ശബ്ദം കാരണം മത്സരാര്‍ഥികളെ കുഴക്കി.
മത്സരത്തിന് ഡോട്ട് എടുത്തിട്ട് പോലും ക്രമം പാലിക്കാതെ സംഘാടകര്‍ക്ക് തോന്നിയവരെയെല്ലാം ആദ്യം വിളിച്ചു ശേഷിക്കുന്നവരെ മേക്കപ്പോടെ പൊരിവെയിലില്‍ മണിക്കൂറുകളോളം നിര്‍ത്തി. ഒന്ന് രണ്ട് വേദികളിലെ മത്സരങ്ങള്‍ പലതും സ്റ്റേജുകളുടെ കാര്യക്ഷമത കാരണം മാറ്റികളിച്ചു. വേദി മൂന്നിലെ മോണോ ആക്ട് വേദി മത്സരത്തിന് പറ്റിയതല്ലെന്ന് മൈക്കിലൂടെ തുറന്നടിച്ചത് മത്സരാര്‍ഥികളുടെയും കാഴ്ചക്കാരുടെയും കൈയടിക്കിടയാക്കി. പരാതി പറയാനെത്തുന്ന പലരെയും അധികൃതര്‍ തന്നെ ഉത്തരവാദിത്വം ഒഴിഞ്ഞ് മാറി പറഞ്ഞയക്കുകയായിരുന്നു.
ചെറിയ കലോത്സവം പോലും സംഘടിപ്പിച്ച് പരിചയമില്ലാത്തയാളെ പ്രോഗ്രാം കണ്‍വീനറാക്കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വിദൂര വിദ്യാഭ്യാസ വിഭാഗം കലോത്സവത്തിന് ഓരോ കുട്ടികളില്‍ നിന്നും അന്‍പത് രൂപ വീതം നിര്‍ബന്ധിത പിരിവും ഓരോ ഇനത്തിനും പ്രവേശന ഫീസും ഈടാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. നേരത്തെ ഓരോ സ്ഥാപനവും 5000 രൂപയില്‍ കുറയാത്ത സംഖ്യ ഫണ്ടായി നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 5000 രൂപ നല്‍കിയ ടീം മാനേജര്‍മാരെ സ്വകാര്യമായി മുറികളിലേക്ക് വിളിച്ചുകൊണ്ടുപോയി മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ കൂടുതല്‍ സംഖ്യ നല്‍കണമെന്നും ആവശ്യപ്പെട്ടു.
മത്സരാര്‍ഥികളുമായെത്തിയപ്പോള്‍ വീണ്ടും പണം നല്‍കേണ്ടി വന്നു. വിദ്യാര്‍ഥികളില്‍ നിന്നും വന്‍ തുക ഈടാക്കി സൗകര്യങ്ങളൊരുക്കാതെ അധികൃതര്‍ നടത്തിയ മത്സരത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.