സൂം എക്‌സ്‌പോ ഇന്നാരംഭിക്കും

Posted on: December 1, 2014 9:56 am | Last updated: December 1, 2014 at 9:56 am

വടകര: മടപ്പള്ളി ഗവ. കോളജ് സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിജ്ഞാന പ്രദര്‍ശനം സൂം എക്‌സ്‌പോ 2014 ഇന്ന് ആരംഭിക്കും. ഐ എസ് ആര്‍ ഒ, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, മോഡല്‍ പോളിടെക്‌നിക്, കോഴിക്കോട് പ്ലാനറ്റേറിയം, പരിയാരം മെഡിക്കല്‍ കോളജ്, പറശ്ശിനിക്കടവ് ആയൂര്‍വേദ കോളജ്, കേന്ദ്ര ജലവിഭവ കേന്ദ്രം, ഇന്ത്യന്‍ സുഗന്ധവിള ഗവേഷണ കേന്ദ്രം, കേരളാ പോലീസ് തുടങ്ങിയ നാല്‍പതില്‍പരം സ്റ്റാളുകള്‍ പ്രദര്‍ശനത്തിന് ഒരുങ്ങിയിട്ടുണ്ട്.
നൂറുകണക്കിന് പക്ഷിക്കൂടുകള്‍, ഔഷധ സസ്യങ്ങള്‍, വെച്ചൂര്‍ പശു, തേനീച്ച കൃഷി, അപൂര്‍വയിനം ഷഡ്പദങ്ങള്‍, സയാമീസ് ആട്, ഡോള്‍ഫിന്റെ തലയോട്ടി, ഒട്ടകപക്ഷിയുടെ മുട്ട, ഇരുനൂറില്‍പ്പരം വര്‍ഷം പഴക്കമുള്ള ശ്രീലങ്കന്‍ തേങ്ങ, ശിലായുഗത്തിലെ പാത്രങ്ങള്‍ തുടങ്ങി ഒട്ടനവധി വൈജ്ഞാനിക ദൃശ്യങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രദര്‍ശനം മൂന്നിന് സമാപിക്കും. കാലത്ത് ഒമ്പത് മണി മുതല്‍ നാല് വരെയാണ് പ്രദര്‍ശനം. സി കെ നാണു എം എല്‍ എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.