വൈദ്യുതി ബോര്‍ഡ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ബാലാവകാശ കമ്മീഷന്‍

Posted on: December 1, 2014 2:36 am | Last updated: November 30, 2014 at 11:43 pm

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ബാലന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തുക നല്‍കാനും ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ നസീര്‍ ചാലിയം, അംഗം ജെ സന്ധ്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. ആലപ്പുഴ വെണ്‍മണി രാജേഷ് സദനത്തില്‍ രാജേഷിന്റേയും മഞ്ജുവിന്റേയും മകനായ എട്ട് വയസ്സുകാരന്‍ അഭിറാം ഷോക്കേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്നുള്ള പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിച്ചത്.
കുട്ടി മരിക്കാനിടയായ അപകടം ഉണ്ടായത് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ജാഗ്രതയോടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെങ്കില്‍ വൈദ്യുതി ലൈനിന്റെ കേടുപാട് നേരത്തേതന്നെ ശ്രദ്ധയില്‍ വരുമായിരുന്നുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
അപകടം പ്രകൃതി ദുരന്തമാണെന്ന വൈദ്യുതി ബോര്‍ഡിന്റെ വാദം കമ്മീഷന്‍ തള്ളി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി വിതരണ സംവിധാനം ആധുനീകരിക്കണമെന്നും ഓട്ടോമാറ്റിക് സര്‍ക്യൂട്ട് ബ്രേക്കിംഗ് പോലുള്ള സംവിധാനം ഘട്ടംഘട്ടമായി സ്ഥാപിക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യം സമയബന്ധിതമായി പരിഗണിക്കുന്നതിന് വൈദ്യുതി ബോര്‍ഡും ഊര്‍ജ വകുപ്പ് സെക്രട്ടറിയും ചേര്‍ന്ന് സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കണം. വൈദ്യുതി ബോര്‍ഡും പൊതുവിദ്യാഭ്യാസ ഡയറക്ടറും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വൈദ്യുതി സുരക്ഷ സംബന്ധിച്ച് അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കണം. ഇതിന്റെ ആദ്യഘട്ടം ജനുവരി 30 നുമുമ്പ് പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.