യു എസില്‍ കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു

Posted on: December 1, 2014 4:32 am | Last updated: November 30, 2014 at 10:34 pm

images (1)വാഷിംഗ്ടണ്‍: ഫെര്‍ഗൂസനില്‍ കറുത്തവര്‍ഗക്കാരനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായിരുന്ന വെളുത്തവര്‍ഗക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഡാരണ്‍ വില്‍സണ്‍ രാജിവെച്ചു. ഇദ്ദേഹത്തിന്റെ മേല്‍ കുറ്റം ചുമത്തേണ്ടെന്ന ജൂറിയുടെ തീരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ അഭിഭാഷകനാണ് രാജിക്കാര്യം വെളിപ്പെടുത്തിയത്. തന്റെ തുടര്‍ന്നുള്ള ജോലി ഫെര്‍ഗൂസനിലെ താമസക്കാരെയും ഇവിടുത്തെ പോലീസ് ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതായി ഡാറണ്‍ വില്‍സണ്‍ പറഞ്ഞു. വെടിവെപ്പിനെ തുടര്‍ന്ന് കുറെ കാലം ഇദ്ദേഹം ഒളിവിലായിരുന്നു.
മൈക്കല്‍ ബ്രൗണിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കരുതപ്പെടുന്ന ഒരു സമൂഹത്തിനിടയില്‍ സുഗമമായി മുന്നോട്ടുപോകാന്‍ ആകില്ലെന്ന് തിരിച്ചറിഞ്ഞാണ് ഡാറന്റെ രാജിയെന്ന് സൂചനയുണ്ട്. ഇതിനിടെ, സൈന്യത്തെ ഉപയോഗിച്ച് എന്തും പ്രവര്‍ത്തിക്കാനുള്ള മിസൂറി സ്റ്റേറ്റ് നിയമത്തില്‍ കാതലായ മാറ്റം വേണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഫെര്‍ഗൂസനില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള മിസൂറി തലസ്ഥാനമായ ജെഫേഴ്‌സണിലേക്ക് മാര്‍ച്ച് നടത്താനും പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പിനെ കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണ്.