രണ്ടാം ലോക മഹായുദ്ധത്തിലെ രാസായുധങ്ങള്‍ നശിപ്പിക്കുന്നു

Posted on: December 1, 2014 3:30 am | Last updated: November 30, 2014 at 10:31 pm

ബീജിംഗ്: രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ജപ്പാന്‍ വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ ഉപേക്ഷിച്ചുപോയ മൂന്ന് ലക്ഷത്തോളം രാസായുധങ്ങള്‍ ചൈനയും ജപ്പാനും ചേര്‍ന്ന് നശിപ്പിക്കും. 330,000 ഓളം വരുന്ന രാസായുധങ്ങള്‍ നശിപ്പിച്ചുകളയുന്നതിന്റെ റിഹേഴ്‌സല്‍ ഇന്ന് ജിലിന്‍ പ്രവിശ്യയില്‍് നടക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. ലോകമഹായുദ്ധത്തിന്റെ അവസാനം ഏകദേശം രണ്ട് ദശലക്ഷം ടണ്ണോളം രാസായുധങ്ങള്‍ ചൈനയിലെ 15 പ്രവിശ്യകളിലെ 40 ഇടങ്ങളിലായി ജപ്പാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഹെയ്‌ലോങ്ജിയാങ്, ജിലിന്‍, ലിയോണിങ് പ്രവിശ്യകളിലാണ്. ജപ്പാന്‍ ചൈനയില്‍ കടന്നുകയറ്റം നടത്തിയ കാലത്ത് നടത്തിയ നിരവധി കുറ്റങ്ങളിലൊന്നാണ് ആയുധങ്ങള്‍ ഉപേക്ഷിച്ചുപോയത്. യുദ്ധം അവസാനിച്ച് ദശാബ്ദങ്ങള്‍ പി ന്നിട്ടിട്ടും ഉപേക്ഷിച്ചുപോയ രാസായുധങ്ങള്‍ ചൈനീസ് ജനതക്കും സ്വത്ത് വഹകള്‍ക്കും പരിസ്ഥിതിക്കും ഇപ്പോഴും ഏറെ ഭീഷണിയാണെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 1999ല്‍ രാസായുധങ്ങള്‍ നിരോധിക്കുന്നതും ഉപേക്ഷിച്ചുപോയ രാസായുധങ്ങള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷനില്‍വെച്ച് ചൈനയിലെ രാസായുധങ്ങള്‍ നശിപ്പിക്കുന്നതിന് എല്ലാ സഹായവും ജപ്പാന്‍ വാഗ്ദാനം ചെയ്തിരുന്നു. നശീകരണ നടപടികള്‍ വേഗത്തിലാക്കാന്‍ ചൈന ജപ്പാനോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുവരികയായിരുന്നുവെന്ന് ചൈനീസ് വിദേശകാര്യം മന്ത്രാലയം പറഞ്ഞു.