Connect with us

Business

സ്വര്‍ണ വില ഇനിയും താഴും; വെളിച്ചെണ്ണ വില ഇടിഞ്ഞു

Published

|

Last Updated

കൊച്ചി: നാളികേരോല്‍പ്പന്ന വിപണികള്‍ ആടി ഉലഞ്ഞു. വ്യവസായിക ഡിമാന്‍ഡ് മങ്ങിയത് റബ്ബറിന്റെ തിരിച്ചു വരവിനു തടസ്സമായി. കുരുമുളക് വില കയറി. മഞ്ഞലോഹ ഇറക്കുമതി ലഘൂകരിച്ചു. സ്വര്‍ണ വില ഇനിയും താഴും.
നാളികേര വിളവെടുപ്പിനു തയ്യാറെടുക്കുകയാണ് കാര്‍ഷിക മേഖല. വെളിച്ചെണ്ണ വില്‍പ്പന ചുരുങ്ങിയത് മൂലം മില്ലുകാര്‍ കൊപ്ര സംഭരണം കുറച്ചു. വെളിച്ചെണ്ണ 1,200 രൂപ കുറഞ്ഞ് വാരാന്ത്യം 12,500 ലും കൊപ്രക്ക് 600 രൂപ താഴ്ന്ന് 8,440 രൂപയിലുമാണ്. മുംബൈ വിപണിയില്‍ പാം, സോയ, സൂര്യകാന്തി, കപ്പലണ്ടി എണ്ണകളുടെയും വില ഇടിഞ്ഞു.
ക്രൂഡ് ഓയില്‍ താഴ്ന്ന നിലവാരത്തിലേയ്ക്ക് നീങ്ങിയത് ഏഷ്യന്‍ റബര്‍ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. കൃത്രിമ റബ്ബര്‍ വില ഇടിയാനുള്ള സാധ്യതക്ക് ശക്തിയേറുകയാണ്. വ്യാവസായിക മാന്ദ്യം മുലം റബ്ബര്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വിലയിലാണ്. ടോക്കോമിലും സിക്കോമിലും റബ്ബറിലെ നിക്ഷേപ താല്‍പര്യം ചുരുങ്ങി. ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ രണ്ടാഴ്ചയായി വിപണിയില്‍ താല്‍പര്യം കാണിച്ചില്ല. ആര്‍ എസ് എസ് നാലാം ഗ്രേഡ് റബര്‍ 11,700 രൂപയില്‍ തുടരുന്നു. അഞ്ചാം ഗ്രേഡ് 11,300 ലേക്ക് താഴ്ന്നു. ലാറ്റക്‌സ് വില വാരാവസാനം 8,200 രൂപയിലാണ്. കൊച്ചിയില്‍ 500 ടണ്‍ റബ്ബര്‍ വില്‍പ്പനക്ക് വന്നു.
രാജ്യാന്തര വിപണിയില്‍ വീണ്ടും കുരുമുളകിന്റെ ലഭ്യത കുറയുന്നു. ബ്രസീല്‍ പുതിയ ചരക്കില്‍ വലിയൊരു ഭാഗം ഇതിനകം തന്നെ കച്ചവടം ഉറപ്പിച്ചതായാണ് വിവരം. ഇന്തോനേഷ്യയിലും വിയറ്റ്‌നാമിലും സ്‌റ്റോക്ക് നില പരുങ്ങലിലാണ്. ജനുവരിയോടെ പുതിയ കുരുമുളക് ഇന്ത്യ വില്‍പ്പനക്ക് ഇറക്കും. വിദേശ ആവശ്യക്കാര്‍ എത്തുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം കയറ്റുമതിക്കാര്‍. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 72,300 രൂപ. തെക്കന്‍ കേരളത്തില്‍ പച്ച കുരുമുളക് വിളവെടുപ്പ് ഇനിയും സജീവമല്ല. വ്യവസായികള്‍ ഒലിയോറസിന്‍ നിര്‍മാണത്തിനു ആവശ്യമായ മൂപ്പ് കുറഞ്ഞ കുരുമുളക് ശേഖരിക്കാനുള്ള ശ്രമത്തിലാണ്.
സ്വര്‍ണ ഇറക്കുമതി ആര്‍ ബി ഐ ലഘൂകരിച്ചു. 2014 ല്‍ 850-950 ടണ്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി പ്രതീക്ഷിക്കുന്നു. ന്യൂയോര്‍ക്കില്‍ സ്വര്‍ണം ഔണ്‍സിനു 1168 ഡോളറിലാണ്. കേരളത്തില്‍ പോയവാരം പവന് 440 രൂപ കുറഞ്ഞ് 19,960 രൂപയില്‍ നിന്ന് 19,520 രൂപയായി.

Latest