കാട്ടാന ശല്യം പരിഹരിക്കാന്‍ നടപടിയെടുക്കണം

Posted on: November 30, 2014 12:02 pm | Last updated: November 30, 2014 at 12:02 pm

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ മുത്തപ്പന്‍പുഴ പ്രദേശത്ത് പി ഡബ്ലു ഡി റോഡിനോടു ചേര്‍ന്ന സ്ഥലത്ത് കാട്ടാന ജീവനും സ്വത്തിനും ഭീഷണിയായിരിക്കയാണെന്നും ഇതിനെതിരെ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസനസമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ആനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിക്കുന്നതായും പ്രദേശത്തെ പാവപ്പെട്ട ജനങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും പ്രമേയം അവതരിപ്പിച്ച സി മോയിന്‍കുട്ടി എം എല്‍ എ പറഞ്ഞു.
വടകര താലൂക്കില്‍ ഡിസംബര്‍ രണ്ടാംവാരം നടക്കുന്ന 48 മണിക്കൂര്‍ ചക്രസ്തംഭന സമരം നേരിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇ കെ വിജയന്‍ എം എല്‍ എ അവതരിപ്പിച്ച മറ്റൊരു പ്രമേയം ആവശ്യപ്പെട്ടു. പരീക്ഷാ കലമായതിനാല്‍ സമരം ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ കുറവു കാരണം റോഡിന്റെ പണികള്‍ യഥാസമയം നടക്കാതെ വരുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്താന്‍ യോഗം തീരുമാനിച്ചു. കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷവും പേവിഷബാധ കുത്തിവെപ്പ് നടത്താന്‍ നടപടിയെടുത്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. എം എല്‍ എ ഫണ്ടില്‍ നിന്ന് തരിശുഭൂമിയില്‍ കൃഷി ചെയ്യുന്നതിന് ധനസഹായം നല്‍കുന്നതിന്റെ സാധ്യത ആരായണമെന്നും സ്‌കൂള്‍ പച്ചക്കറികൃഷി പ്രോല്‍സാഹിപ്പിക്കാന്‍ നടപടിയുണ്ടാവണമെന്നും സി കെ നാണു എം എല്‍ എ ആവശ്യപ്പെട്ടു.
ഈ വര്‍ഷം ജില്ലയില്‍ നാനൂറ് ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറികൃഷി നടത്താന്‍ ഉദ്ദേശിക്കുന്നതായി കൃഷി വകുപ്പ് അറിയിച്ചു. സാമൂഹിക വനവത്കരണത്തിന് ഫലവൃക്ഷത്തൈകളും ഉപയോഗിക്കണമെന്ന് കെ കെ ലതിക എം എല്‍ എ ആവശ്യപ്പെട്ടു.
ജില്ലയില്‍ ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അടിയന്തര സാഹചര്യം നേരിടുന്നതിന് നിരീക്ഷണ സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും മൃസംരക്ഷണ വകുപ്പ് അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ സി എ ലത അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ ഇ കെ വിജയന്‍, കെ ദാസന്‍, പി ടി എ റഹീം, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, കെ മൊയ്തീന്‍ കോയ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം എ രമേഷ്‌കുമാര്‍ സംബന്ധിച്ചു.