Connect with us

Palakkad

മെഡി. കോളജ് അഴിമതിയില്‍ സി പി എമ്മും കോണ്‍ഗ്രസും അഡ്ജസ്റ്റ്‌മെന്റ്: വി മുരളിധരന്‍

Published

|

Last Updated

പാലക്കാട്: പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിന് കഴിഞ്ഞ പത്തുവര്‍ഷക്കാലം ചിലവാക്കിയ ഫണ്ടിനെക്കുറിച്ചും നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ആവശ്യപ്പെട്ടു. പട്ടികജാതി മോര്‍ച്ച സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിനു മുന്നില്‍ നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടികളുടെ പട്ടികജാതിഫണ്ട് കൊള്ളയടിക്കുകയാണ് ഇടതു-വലതു മുന്നണി ഭരണത്തില്‍ നടന്നിട്ടുള്ളത്. യു ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ പട്ടികജാതി വികസന പദ്ധതികള്‍ പൂര്‍ണ്ണമായി സ്തംഭനാവസ്ഥയിലാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ സി പി എം നേതാവിന്റെ ഭാര്യക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ കാലാവധി നീട്ടികൊടുത്തത് ഇതിനുദാഹരണമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞ ഒത്തുതീര്‍പ്പ് ധാരണയും ഇതു തന്നെയാണ്. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷതവഹിച്ചു. ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍, പി ഭാസി, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി എ പുരുഷോത്തമന്‍ പ്രസംഗിച്ചു.

Latest