Connect with us

Wayanad

അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അമ്പിളിയുദ്യാനം ഒരുങ്ങുന്നു

Published

|

Last Updated

അമ്പലവയല്‍: കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ (ആര്‍ എ ആര്‍ എസ്) സന്ദര്‍ശകര്‍ക്ക് വിരുന്നാകാന്‍ മൂണ്‍ ഗാര്‍ഡന്‍ ഒരുങ്ങുന്നു. വരുന്ന ജനുവരി 20 മുതല്‍ ഫെബ്രുവരി രണ്ടു വരെ ഗവേഷണകേന്ദ്രത്തില്‍ നടത്തുന്ന ദേശീയ കാര്‍ഷികോത്സവത്തിനും (നാഷണല്‍ അഗ്രി ഫിയസ്റ്റ-2015), പുഷ്പ-ഫല മേള്ക്കും (പൂപ്പൊലി-2015) മാറ്റുകൂട്ടൂന്ന വിധത്തിലാണ് അമ്പിളിയുദ്യാനം സജ്ജമാകുന്നത്. രണ്ടര ഏക്കര്‍ വിസ്തൃതിയുള്ള മൂണ്‍ ഗാര്‍ഡനില്‍ വെള്ളപ്പൂക്കളും ഇലകളുമുള്ള സസ്യങ്ങള്‍ക്ക് മാത്രമാണ് ഇടം. ജനുവരി ആദ്യവാരത്തോടെ പുഷ്പിക്കാന്‍ പാകത്തില്‍ 500ല്‍ പരം ഇനം ചെടികളാണ് മൂണ്‍ഗാര്‍ഡനില്‍ നട്ടിരിക്കുന്നതെന്ന് ആര്‍ എ ആര്‍ എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി രാജേന്ദ്രന്‍ പറഞ്ഞു.
കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിക്കുന്ന ദേശീയ കാര്‍ഷികോത്സവം ആദ്യമായാണ് വയനാട്ടില്‍. ഗവേഷണ കേന്ദ്രത്തില്‍ കഴിഞ്ഞവര്‍ഷം നടാടെ നടന്ന പുഷ്പ-ഫലമേള വന്‍ വിജയമായതാണ് ഇക്കുറി ദേശീയ കാര്‍ഷികമേളയ്ക്ക് അമ്പലവയലില്‍ വേദിയൊരുക്കാന്‍ സര്‍വകലാശാലയ്ക്ക് പ്രചോദനമായത്. കഴിഞ്ഞ വര്‍ഷത്തെ പുഷ്പ-ഫലമേള ആസ്വദിക്കാന്‍ കുട്ടികളടക്കം രണ്ടര ലക്ഷം ആളുകളാണ് എത്തിയത്. 21 ദിവസം നീണ്ട പൂപ്പൊലി-2014ന് 27.53 ലക്ഷം രൂപയായിരുന്നു ചെലവ്. വരവ് 41.21 ലക്ഷം രൂപയും. ടിക്കറ്റ് വില്‍പനയിലൂടെ മാത്രം 27.26 ലക്ഷം രൂപ ലഭിച്ചു. 13.78 ലക്ഷം രൂപയാണ് ലാഭം. പൂപ്പൊലിയുടെ രണ്ടാം പതിപ്പിനു 50 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതീക്ഷിക്കുന്ന ലാഭം 32 ലക്ഷം രൂപയും.
മൂന്നര ഏക്കര്‍ വിസ്തൃതിയില്‍ തയാറാക്കിയ ഡാലിയ ഗാര്‍ഡനായിരുന്നു പ്രഥമ പൂപ്പൊലിയുടെ മുഖ്യ ആകര്‍ഷണം. വിദേശങ്ങളില്‍നിന്നു ഇറക്കുമതി ചെയ്തതടക്കം ഡാലിയ ഇനങ്ങള്‍ ഇടംപിടിച്ച ഉദ്യാനം ഇത്തവണ ഗ്ലാഡിയോലസ് ചെടികള്‍ക്ക് വഴിമാറിയിരിക്കയാണ്. ഉദ്യാനത്തില്‍ ഗ്ലാഡിയോലസ് ചെടികള്‍ നാമ്പെടുത്തുതുടങ്ങി. പൂപ്പൊലിക്ക് പകിട്ടേകാന്‍ ഒന്നര ഏക്കര്‍ വിസ്തൃതിയില്‍ 1500ല്‍ പരം ഇനം റോസ് ചെടികളുടെ ഉദ്യാനവും തയാറായിവരികയാണ്. നേരത്തേ 600 ഇനം റോസ് ചെടികളാണ് ഗവേഷണകേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യമാണ് 750ല്‍പരം ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി റോസ് ഗാര്‍ഡന്‍ വിപുലീകരിച്ചത്.
മേളകള്‍ കാണാനെത്തുന്നവരുടെ ഹൃദയത്തില്‍ ഇടംപിടിക്കുന്നതിനു ഗവേഷണകേന്ദ്രത്തിലെ പോളിഹൗസുകളില്‍ ജര്‍ബറയും അസ്‌ട്രോ മരിയയും അടക്കം മറ്റേനേകം ഇനം പൂച്ചെടികളും ദിവസങ്ങള്‍ എണ്ണി വളരുകയാണ്. ഇവയില്‍ ചിലത് പുഷ്പിച്ചട്ടുമുണ്ട്.
മേളകള്‍ക്ക് കൊടി ഉയരുന്നതിനു മുന്‍പ് പോളിഹൗസുകളിലെ ചെടികള്‍ ഒന്നടങ്കം വര്‍ണപ്പൂക്കളണിഞ്ഞ് ഫഌവര്‍ഷോ ഗ്രൗണ്ടില്‍ അണിനിരക്കും. കഴിഞ്ഞ തവണ അഞ്ച് ഏക്കറായിരുന്നു ഫഌവര്‍ഷോ ഗ്രൗണ്ടിന്റെ വിസ്തൃതി. ഇത്തവണ ഇത് 10 ഏക്കറായിരിക്കും.
ദേശീയ കാര്‍ഷികോത്സവത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്, ദേശീയ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍, കാര്‍ഷിക സര്‍വകലാശാലയുടെ കുമരകം, കായംകുളം, പട്ടാമ്പി, പീലിക്കോട് ഗവേഷണ കേന്ദ്രങ്ങള്‍, സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേയും കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് ഡോ.രാജേന്ദ്രന്‍ പറഞ്ഞു.
മേളയുടെ ഭാഗമായുള്ള കാര്‍ഷിക സെമിനാറുകള്‍ ആകാശവാണിയാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. മേളയിലെ വിവിധ പരിപാടികള്‍ ആള്‍ ഇന്ത്യാ റേഡിയോ 30 കേന്ദ്രങ്ങളിലൂടെ പ്രക്ഷേപണം ചെയ്യും. വയനാടിനു മുതല്‍ക്കൂട്ടാകുന്ന വിധത്തിലാണ് ദേശീയ കാര്‍ഷികോത്സവത്തിന്റെ ആസൂത്രണം. അമ്പലവയലില്‍ 1945ല്‍ അന്നത്തെ മദിരാശി സര്‍ക്കാര്‍ ആരംഭിച്ച തോട്ടമാണ് 1972ലെ കാര്‍ഷിക സര്‍വകലാശാലാ രൂപീകരണത്തിനു പിന്നാലെ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രമായി മാറിയത്. 87 ഹെക്ടര്‍ ഭൂമിയാണ് ആര്‍.എ.ആര്‍.എസിന്റെ കൈവശം. ധൂര്‍ത്ത്, കെടുകാര്യസ്ഥത, നഷ്ടം എന്നിവയ്ക്ക് കുപസിദ്ധമായിരുന്നു വര്‍ഷങ്ങള്‍ മുന്‍പുവരെ ഗവേഷണകേന്ദ്രം. കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ കേന്ദ്രത്തിനു കഴിഞ്ഞിരുന്നില്ല.
തരിശുകിടക്കുകയായിരുന്നു ഭൂമിയിലേറെയും. എന്നാല്‍ വ്യത്യസ്തമാണിപ്പോള്‍ ചിത്രം. കൈവശഭൂമിയിലെ ഓരോ സെന്റും പ്രയോജനപ്പെടുത്തി വിവിധങ്ങളായ പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഗവേഷണ കേന്ദ്രത്തെ ആശയിച്ചാണ് അമ്പലവയലിലും സമീപങ്ങളിലുമുള്ള 500ലേറെ കര്‍ഷക തൊഴിലാളികളുടെ ഉപജീവനം. 2012-“13ല്‍ 1.25 കോടിരൂപയായിരുന്നു ആര്‍. എ.ആര്‍.എസിന്റെ വരുമാനം.
2013-“14ല്‍ ഇത് 2.27 കോടി രൂപയായിരുന്നു. കൃഷി ആധുനികവത്കരിച്ച് ലാഭകരമാക്കുന്നതിനുള്ള വിദ്യകള്‍ കര്‍ഷകരിലേക്ക് പകരുന്നതില്‍ ഗവേഷണകേന്ദ്രത്തിന് സര്‍ക്കാരും വിവിധ ഏജന്‍സികളും പിന്തുണ നല്‍കുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്(ഐ.സി.എ.ആര്‍), നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍(എന്‍.എച്ച്.എം), സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍(എസ്.എച്ച്.എം), ഇന്ത്യ മെറ്റിയോറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്(ഐ.എം.ഡി) എന്നിവയാണ് കേന്ദ്രത്തിനു ഗവേഷണത്തിനും വികസന പദ്ധതികളുടെ നിര്‍വഹണത്തിനും ഫണ്ട് ലഭ്യമാക്കുന്ന പ്രധാന സ്ഥാപനങ്ങള്‍.

Latest