ആഭ്യന്തര മന്ത്രിയുടെ പ്രസംഗത്തിനിടെ സി ബി ഐ ഡയറക്ടര്‍ ഉറങ്ങിയത് വിവാദമാകുന്നു

Posted on: November 30, 2014 4:42 am | Last updated: November 29, 2014 at 11:43 pm

cbiഗുവാഹത്തി: തന്ത്രപ്രധാനമായ ആഭ്യന്തര സുരക്ഷാ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സംസാരിക്കുന്നതിനിടെ സി ബി ഐ മേധാവി ഉറങ്ങിപ്പോയി. അസമിലെ ഗുവാഹത്തിയില്‍ നടന്ന പരിപാടിക്കിടെ സി ബി ഐ മേധാവി രഞ്ജിത് സിന്‍ഹ തൂങ്ങിയുറങ്ങുന്ന ദൃശ്യം വാര്‍ത്താ ചാനലുകള്‍ പുറത്തുവിടുകയായിരുന്നു.
ഇസില്‍ ഭീഷണി, ഇന്ത്യന്‍ യുവാക്കള്‍ തെറ്റിദ്ധരിക്കപ്പെട്ട് ഇസില്‍ പോലെയുള്ള സംഘടനകളിലെത്തുന്നത്, അര്‍ണിയയിലെ തീവ്രവാദി ആക്രമണവും പാക് സഹായവും തുടങ്ങിയ അതിപ്രധാന വിഷയങ്ങളെ സംബന്ധിച്ച് രാജ്‌നാഥ് സിംഗ് സംസാരിക്കുമ്പോഴാണ് സി ബി ഐ ഡയറക്ടര്‍ ഇങ്ങനെ പെരുമാറിയത്. ഡി ജി പിമാരും ഐ ജിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. സ്ഥാനത്ത് നിന്ന് വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രഞ്ജിത് സിന്‍ഹ മറ്റൊരു വിവാദത്തില്‍ കൂടി പെടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് 2 ജി കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് രഞ്ജിത് സിന്‍ഹയെ സുപ്രീം കോടതി നീക്കിയിരുന്നു. കേസിലെ കുറ്റാരോപിതരെ സിന്‍ഹ സഹായിച്ചുവെന്ന ആരോപണം വിശ്വാസ യോഗ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 2ജി കേസുമായി ബന്ധപ്പെട്ട മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍ ഉള്‍പ്പെട്ട എയര്‍സെല്‍- മാക്‌സിസ് കേസിന്റെ വിചാരണാ നടപടി വൈകിപ്പിച്ചുവെന്ന ആരോപണവും സിന്‍ഹക്കെതിരെ ഉണ്ടായിരുന്നു.