അതിര്‍ത്തിയിലെ വിദ്യാര്‍ഥികള്‍ക്ക് സൈനിക പരിശീലനം കേന്ദ്ര പരിഗണനയില്‍

Posted on: November 30, 2014 3:41 am | Last updated: November 29, 2014 at 11:42 pm

ന്യൂഡല്‍ഹി: അതിര്‍ത്തി ജില്ലകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഭാഗിക സൈനിക പരിശീലനം നല്‍കാനുള്ള പദ്ധതികളിലേക്ക് സൂചിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിര്‍ബന്ധിത സൈനിക പരിശീലനം നല്‍കണമെന്ന് പരാമര്‍ശിക്കുന്ന രാജ്യസഭയില്‍ കൊണ്ടുവന്ന സ്വകാര്യ അംഗത്തിന്റെ ബില്ലിനോട് പ്രതികരിക്കവെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആണ് ഇത്തരമൊരു സൂചന നല്‍കിയത്. അതിര്‍ത്തി ജില്ലകളില്‍ ഇത് പരീക്ഷിക്കാമെന്ന് പരീക്കര്‍ പറഞ്ഞു. നിശ്ചിത സമയത്ത് പൂര്‍ത്തിയാകുന്ന തരത്തില്‍ 50- 60 മണിക്കൂര്‍ വരുന്ന പരീശീലന പദ്ധതി തയ്യാറാക്കാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളുടെ മാതൃകയില്‍ സൈനിക പരിശീലനം കോഴ്‌സായി എടുക്കാവുന്നതാണ്. രാഷ്ട്ര നിര്‍മാണവും സ്വഭാവ നിര്‍മാണവുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിര്‍ബന്ധിത സൈനിക പരിശീലനമെന്ന ആശയത്തെ പരീക്കര്‍ തള്ളിക്കളഞ്ഞു. കുറച്ച് കാലതാമസമെടുക്കുമെങ്കിലും വിദഗ്ധരുമായി കൂടിയാലോചിച്ച് യോജിച്ച സംവിധാനം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
14, 15 വയസ്സുള്ളവര്‍ക്ക് നിര്‍ബന്ധമായും സൈനിക പരിശീലനം നല്‍കണമെന്ന് പ്രതിപാദിക്കുന്ന ബില്‍ ബി ജെ പി അംഗമായ അവിനാശ് റായ് ഖന്നയാണ് കൊണ്ടുവന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുള്ള അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു. ദേശീയതക്ക് നിറമില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് പരീക്കര്‍ ഇതുസംബന്ധിച്ച് അഭിപ്രായപ്പെട്ടു. വര്‍ഷം അറുപതിനായിരം കോടി രൂപയോളം ചെലവ് വരുമെന്നതിനാല്‍ നിര്‍ബന്ധ സൈനിക പരിശീലനം സാധ്യമല്ലെന്ന് പരീക്കര്‍ പറഞ്ഞു. ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷത്തായിരുന്നെങ്കില്‍ ഇത്തരമൊരു ബില്ലിനെ പൂര്‍ണമായും സ്വാഗതം ചെയ്യുമായിരുന്നു. ഇപ്പോള്‍ സര്‍ക്കാറിന്റെ പക്ഷത്തായതിനാല്‍ പ്രായോഗകതയെ സംബന്ധിച്ചും മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. 14 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ക്ക് സൈനിക പരിശീലനം നല്‍കല്‍ പ്രായോഗികമല്ല. 18 മുതല്‍ 25 വരെ വയസ്സുള്ളവര്‍ക്ക് പരിശീലനം നല്‍കാമെന്ന് വെച്ചാല്‍ തന്നെ ഇത് 15 കോടിയോളം പേര്‍ വരും. പരീക്കര്‍ ചൂണ്ടിക്കാട്ടി.
സൈനിക പരിശീലനം കൊണ്ട് മാത്രമല്ല രാഷ്ട്ര, സ്വഭാവ നിര്‍മാണമുണ്ടാകേണ്ടത്. വിദ്യാഭ്യാസ സമ്പ്രദായവും അങ്ങനെയാകണം. പക്ഷെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം വഴിമാറുന്നു. നാല് വര്‍ഷം മുമ്പ് 13.8 ലക്ഷമുണ്ടായിരുന്ന കേഡറ്റുകളുടെ എണ്ണം 15.18 ലക്ഷമായി വര്‍ധിച്ചെങ്കിലും എന്‍ സി സി പരിശീലനം പോലും വേണ്ട വിധമാകുന്നില്ല. നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലും ആര്‍മി കോര്‍പ്‌സ് ഓഫ് എന്‍ജിനീയേഴ്‌സിലേക്കും അഡ്മിഷന്‍ ലഭിച്ചത് പരീക്കര്‍ ഓര്‍ത്തു. എന്നാല്‍ ചില കാരണങ്ങളാല്‍ ചേരാന്‍ കഴിഞ്ഞില്ല. സൈനിക മേഖലയോട് ചെറുപ്പത്തിലേ അഭിനിവേശം ഉള്ളത് കൊണ്ടാകാം ഒടുവില്‍ പ്രതിരോധ മന്ത്രി സ്ഥാനം ലഭിച്ചതെന്നും പരീക്കര്‍ പറഞ്ഞു.