ഈ സൈക്കിളില്‍ വ്യായാമത്തോടൊപ്പം പുല്ല്‌വെട്ടാം

Posted on: November 30, 2014 2:30 am | Last updated: November 29, 2014 at 11:31 pm

തിരൂര്‍: വ്യായാമത്തോടൊപ്പം പുല്ല് വെട്ടാനുള്ള നൂതന കണ്ടുപിടുത്തവുമായി പാലക്കാട് ചിറ്റൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി സതീശ് കുമാര്‍. തിരൂരില്‍ നടന്ന സംസ്ഥാന വൊക്കേഷനല്‍ വിഭാഗം കരിയര്‍ എക്‌സ്‌പോ മത്സരത്തിലാണ് അഗ്രോ മള്‍ട്ടി സൈക്കിള്‍ എന്ന പുതിയ കണ്ടുപിടുത്തവുമായി സതീഷ് എത്തിയത്.
ചലിച്ച് കൊണ്ട് വ്യത്യസ്ത ഉയരങ്ങളിലുള്ള പുല്ല് വെട്ടാന്‍ സാധിക്കുമെന്നതാണ് അഗ്രോ മള്‍ട്ടി സൈക്കിളിന്റെ പ്രത്യേകത. എത്ര ചതുപ്പു നിലങ്ങളിലും സഞ്ചരിക്കാന്‍ പാകത്തിലാണ് സൈക്കിള്‍ നിര്‍മാണം നടത്തിയിട്ടുള്ളത്. പുല്ല് വെട്ടിനോടൊപ്പം ശരീര വ്യായാമത്തിന് ഗുണം ചെയ്യുന്നത് കൂടിയാണ് മള്‍ട്ടി സൈക്കിള്‍.
സൈക്കിളിന്റെ പിന്‍വശത്തെ പകുതിഭാഗത്ത് സൈക്കിള്‍ ടയറിനു പകരം വീതിയുള്ള ടയര്‍ ഘടിപ്പിച്ചാണ് നിര്‍മാണം നടത്തിയിട്ടുള്ളത്. മള്‍ട്ടി ബാര്‍ പ്ലസ് സൈക്കിളിന്റെ മുന്‍ഭാഗത്ത് സൈക്കിള്‍ വീലില്‍നിന്നും വി ബെല്‍റ്റ്, ഡിഫ്രഷന്‍ യന്ത്രം എന്നിവ ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. പുല്ലിന്റെ വലിപ്പത്തിനനുസരിച്ച് ലീഫ് ഞെട്ടില്‍ നിന്നും കത്തി മാറ്റാവുന്ന തരത്തിലാണ് അഗ്രി മള്‍ട്ടി സൈക്കിള്‍ രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്. കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന ഇത്തരം യന്ത്ര വാഹനങ്ങള്‍ പുറം തള്ളുന്ന ഇന്ധനാവശിഷ്ടങ്ങള്‍ കൃഷിക്ക് ദോഷം ചെയ്യുന്നുയെന്നുള്ളതാണ് ഇത്തരത്തിലുള്ള യന്ത്ര സൈക്കിള്‍ നിര്‍മിക്കാന്‍ സതീഷ് കുമാറിന് പ്രേരണയായത്. പ്രവര്‍ത്തനത്തിന് ഇന്ധനമില്ലെന്നതും നിര്‍മാണ ചെലവ് കുറവാണെന്നുള്ളതും ഇതിന്റെ മൂല്യം കൂട്ടുന്നു. രണ്ടായിരം രൂപയാണ് മള്‍ട്ടി സൈക്കിളിന്റെ ആകെ നിര്‍മാണ ചെലവ്
ഒരു മാസം മുമ്പായിരുന്നു കാര്‍ഷിക രംഗത്തേക്ക് ഏറെ ഗുണം ചെയ്യുന്ന അഗ്രോ മള്‍ട്ടി സൈക്കിള്‍ എന്ന ആശയം സതീഷ്‌കുമാര്‍ രൂപകല്‍പന ചെയ്തത്. ഇതിനോടകം തന്നെ പല കാര്‍ഷിക സംഘങ്ങളും സതീഷ് കുമാറിനെ സമീപിച്ചിട്ടുണ്ട്. മലമ്പുഴ എച്ച് ഡി ഫാംമില്‍ നിന്നും സൈക്കിള്‍ ഏറ്റെടുക്കാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. തിരൂരില്‍ കഴിഞ്ഞ ദിവസം നടന്ന പ്രദര്‍ശനത്തില്‍ മള്‍ട്ടി സൈക്കിള്‍ ചോദിച്ചെത്തുന്നവരുടെ എണ്ണം നിരവധിയായിരുന്ന് സതീഷ് പറയുന്നു. തന്റെ കണ്ടുപിടുത്തങ്ങള്‍ വികസിപ്പിക്കാനുള്ള സാമ്പത്തിക ഞെരുക്കമാണ് സതീഷ്‌കുമാറിന് മുന്നിലുള്ള ഏക തടസ്സം.
തന്റെ പ്രൊജക്ട് ഏറ്റെടുക്കാന്‍ വലിയ കമ്പനികളുടെ വിളിക്കായി കാതോര്‍ത്തിരിക്കുകയാണ് ഇപ്പോള്‍ ഈ ശാസ്ത്ര പ്രതിഭ. മള്‍ട്ടി സൈക്കിളിന് പുറമെ സൈക്കിളിനുമുകളില്‍ ഡൈനാമോ ഘടിപ്പിച്ച് കറന്റ് ഉത്പാദിപ്പിക്കുന്ന വിദ്യയും സതീഷ്‌കുമാര്‍ സ്വന്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. സഹപാഠികളും പ്രവര്‍ത്തി പരിചയ അധ്യാപികയായ ശീജയും നല്‍കിയ സാമ്പത്തിക സഹായത്തോടെയാണ് സതീശ്കുമാര്‍ മള്‍ട്ടി സൈക്കിള്‍ കണ്ടുപിടുത്തം വികസിപ്പിച്ചത്.