Connect with us

Kerala

പക്ഷിപ്പനി: ഇറച്ചി സംഭരണ ശാലകളില്‍ പരിശോധന ഇല്ല

Published

|

Last Updated

ആലപ്പുഴ:പക്ഷിപ്പനിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ നിന്ന് വന്‍തോതില്‍ കടത്തിയ ലക്ഷക്കണക്കിനു താറാവുകളെ വിവിധ കേന്ദ്രങ്ങളില്‍ ഫ്രീസറുകളില്‍ സൂക്ഷിച്ചിട്ടുളളതായി ആരോപണം. ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണമില്ലാത്തത് ഇത്തരക്കാര്‍ക്ക് സൗകര്യപ്രദമായി .പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ വീടുകള്‍ തോറും കയറിയിറങ്ങുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഇതേവരെ ഇത്തരം കുത്തകകളിലേക്കെത്തിയില്ലെന്നത് പ്രശ്‌നം ഗൗരവരമുളളതുമാക്കുന്നു. ആരോഗ്യവകുപ്പിന്റെ ഈ നിലപാടിന്റെ മറവിലാണ് കര്‍ഷകര്‍ ഈ രംഗത്തെ കുത്തകകളുമായി ചേര്‍ന്ന് താറാവുകളെ ഇറച്ചിയാക്കി വന്‍തോതില്‍ സൂക്ഷിക്കുന്നത്.പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്ത് നിന്നുള്ള താറാവുകളെ കൊന്ന് സൂക്ഷിക്കുന്നത് മാരകമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നതാണെങ്കിലും വേണ്ടപ്പെട്ടവര്‍ ഇത് കാര്യമായെടുത്തിട്ടില്ല. കുട്ടുനാടിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ ചാക്കില്‍ കെട്ടിയ താറാവുകളുടെ അവശിഷ്ടങ്ങള്‍ ഇത് തെളിയിക്കുന്നുണ്ട്. സീസണുകള്‍ ലക്ഷ്യമിട്ടുളള കര്‍ഷകരുടെയും കുത്തകകളുടെയും നീക്കങ്ങളാണ് ഇതിന്റെ പിന്നില്‍ . ക്രിസ്തുമസ്, ന്യൂ ഇയര്‍ വേളയില്‍ സാധാരണ ഉപഭോഗത്തിന്റെ നാലിരട്ടിയായി താറാവ് ഇറച്ചിയുടെ വില്‍പ്പന വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ സംസ്ഥാനത്ത് 20 ലക്ഷം ടണ്‍ ഇറിച്ചിയാണ് ഗാര്‍ഹിക-വ്യവസായിക മേഖലകളില്‍ ഉപയോഗിക്കപ്പെടുന്നത്. പക്ഷിപ്പനിയെ തുടര്‍ന്ന് കൊന്നൊടുക്കിയ താറാവുകളുടെ ഇറച്ചി ഇനി പുതിയ രൂപത്തില്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്നു തീര്‍ച്ച. കുട്ടനാട്ടില്‍ ആകെ നാല്‍പ്പത്തിയേഴ് കര്‍ഷകരാണ് വന്‍തോതില്‍ താറാവു കൃഷി നടത്തുന്നത്. ഇവരില്‍ പലര്‍ക്കും ഇരുപതിനായിരം മുതല്‍ മുപ്പത്തയ്യായിരം വരെ താറാവുകളാണുള്ളത്. ഡിസംബര്‍ സീസണ്‍ പ്രമാണിച്ച് പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്ന് മൂന്ന് ലക്ഷം താറാവുകള്‍ കുട്ടനാട്ടില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ആകെ എട്ട് ലക്ഷം താറാവുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.ഇവയില്‍ രണ്ട് ലക്ഷത്തെ മാത്രമാണ് കൊന്നൊടുക്കാന്‍ തീരുമാനിച്ചത്. താറാവുകളുടെ ഇതര പ്രദേശങ്ങളിലേക്കുളള നീക്കം തടയാന്‍ പോലീസിന്റെ സഹായം തേടിയെങ്കിലും ഒരു താറാവിനെ പോലും തടയാന്‍ പോലീസിനു കഴിഞ്ഞില്ല.താറാവുകളെ കൊന്നൊടുക്കല്‍ തീരുമാനം വന്ന രാത്രി തന്നെ ജില്ലയുടെ സമീപ പ്രദേശങ്ങളിലേക്കും വിദൂര ജില്ലകളിലേക്കും താറാവുകളെ കൂട്ടത്തോടെ കടത്തിയിരുന്നു. തമിഴ്‌നാട്ടിലേക്ക് പോലും ഇത്തരത്തില്‍ താറാവ് കടത്തല്‍ നടന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. നഷ്ടപരിഹാര വിതരണം ആരംഭിച്ചതോടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പക്ഷിപ്പനി കേന്ദ്രങ്ങളിലേക്ക് താറാവുകളെ കൂട്ടത്തോടെ എത്തിച്ച് നഷ്ടപരിഹാരം തട്ടാനുള്ള ശ്രമം ഏതായാലും അധികൃതര്‍ തടഞ്ഞിരുന്നു.

Latest